കോഴിക്കോട്: വാണിമേല്‍ പരപ്പുപാറയില്‍ മോട്ടോര്‍ ബൈക്കുകള്‍ തീ വെച്ച് നശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്കെതിരെ കുരുക്ക് മുറുക്കി പൊലീസ്. ബൈക്കിന് തീ വച്ചത് പുനരാവിഷ്‌കരിച്ചാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. കേസിൽ അറസ്റ്റിലായ നരിപ്പറ്റ സ്വദേശി മുഹമ്മദലിയെ പരാതിക്കാരന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ബൈക്കുകള്‍ കത്തിച്ച സംഭവം; തീ വച്ചത് പുനരാവിഷ്‌കരിച്ച് തെളിവെടുത്ത് പൊലീസ് - വാണിമേല്‍ പരപ്പുപാറ
പ്രതി ബൈക്ക് കത്തിക്കുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് പരാതിക്കാരന്‍റെ വീട്ടിലെത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ വർഷം നവംബര്‍ 19നാണ് വാണിമേല്‍ പരപ്പുപാറയില്‍ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ബൈക്കുകൾ നശിപ്പിച്ചത്. പുലർച്ചെ 1.10ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് മോട്ടോര്‍ ബൈക്കുകള്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അയാളുടെ വീട്ടില്‍ നിന്ന് പൊലീസ് സംഘം തെളിവെടുപ്പിനിടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് രാത്രിയോടെ പരാതിക്കാരന്‍റെ വീട്ടിലെത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തിയത്. ബൈക്കുകൾക്ക് തീ വച്ച് ഓടിപ്പോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിരുന്നു. കസ്റ്റഡിയിലെടുത്ത വസ്ത്രങ്ങള്‍ തന്നെയാണ് പ്രതി ധരിച്ചിരുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും ക്യാമറയില്‍ പതിഞ്ഞ ആദ്യത്തെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ തെളിവെടുപ്പ് നടത്തിയത്.
വാഹനങ്ങള്‍ക്ക് തീ വക്കുമ്പോൾ കേസിലെ രണ്ടാം പ്രതിയായ ഇയാള്‍ ധരിച്ചിരുന്ന മുണ്ട് തലയില്‍ കെട്ടി മുഖം മറച്ചിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് വളയം പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് സംഭവം പുനരാവിഷികരിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ് പ്രതിയെ പൊലീസ് നാദാപുരം കോടതിയില്‍ തിരിച്ചേല്‍പ്പിച്ചു.