കോഴിക്കോട്: 'ഹരിത'യുടെ പരാതിയിൽ നിർണായക നീക്കവുമായി പൊലീസ്. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് അയച്ചു. വിവാദമായ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്‌സ് ഹാജരാക്കാനാണ് പൊലീസ് നിര്‍ദേശം. വനിത നേതാക്കളുടെ പരാതി അന്വേഷിക്കുന്ന ചെമ്മങ്ങാട് പൊലീസാണ് എംഎസ്എഫിനോട് രേഖകൾ ആവശ്യപ്പെട്ടത്.
ജൂണ്‍ 22ന് കോഴിക്കോട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്‌ദുല്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ നേതാക്കൾ പരാതി നൽകിയത്. യോഗത്തിൻ്റെ വിശദാംശങ്ങൾ അടങ്ങിയ മിനിറ്റ്സിൽ വിവാദ വിഷയങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതേ സമയം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും പരസ്യ പ്രതികരണത്തിന് വനിത നേതാക്കള്‍ തയാറായിട്ടില്ല. മുസ്ലീംലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ഹരിത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
READ MORE:ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്ന് എംഎസ്‌എഫിലെ ഒരു വിഭാഗം
തത്കാലം എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മിഷന് നല്‍കിയ പരാതിയുമായി മുന്നോട്ടുപോകും. സമയം നിശ്ചയിച്ച് അറിയിച്ചാല്‍ മൊഴി നല്‍കാന്‍ തയാറാണെന്ന് ഹരിത നേതാക്കള്‍ വനിത കമ്മിഷനെ അറിയിച്ചിട്ടുണ്ട്. അതേസമയം എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വെള്ളയില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.