കോഴിക്കോട് : നാടക, സാംസ്‌കാരിക പ്രവർത്തകൻ കെ കെ മധുസൂദനൻ( 73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറ് കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട 'അമ്മ' എന്ന നാടകത്തിന്‍റെ രചയിതാവും സംവിധായകനുമാണ്.
ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട തുടങ്ങി പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു. സംഘഗാനം, ഷട്ടർ തുടങ്ങിയവയാണ് ഇതിൽ ശ്രദ്ധേയം.
1948 ഒക്‌ടോബർ 12ന് കൊല്ലരുകണ്ടി ചന്തുവിന്‍റേയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ട്രെയിനിങ് കോളജിൽനിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി. നക്‌സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.