കടലാസുചിത്രങ്ങളുമായി ധന്യയുടെ വേറിട്ട ചിത്രപ്രദർശനം കോഴിക്കോട്: മനസ്സിൽ തെളിയുന്ന രൂപങ്ങള്‍ കടലാസില്‍ പകർത്തി, പലവിധ വർണ്ണങ്ങള്‍നല്‍കി, മനോഹര ചിത്രങ്ങളാക്കുന്ന ചിത്രകാരന്മാരെയും ചിത്രകാരികളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽനിന്നും ഏറെ വ്യത്യസ്‌തയാണ്
എം സി ധന്യ എന്ന ചിത്രകാരി.
കടലാസുകളെ ചിത്രങ്ങളുടെ രൂപത്തിൽ വെട്ടിയെടുത്ത് അത് വലിയ കടലാസുകളിൽ ഒട്ടിച്ച് ചിത്രത്തിനൊത്ത നിറങ്ങൾ നൽകുന്ന വേറിട്ട ചിത്രരചനയാണ് ധന്യയുടെ പ്രത്യേകത. കൂടാതെ പലവിധ വേരുകളിൽ വർണ്ണങ്ങൾ കൊടുത്ത് ചിത്രങ്ങൾ ആക്കുന്നതിലും
കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ചിത്രകാരി.
ട്രാന്‍സ്ലൂസെന്‍റ് ഫ്ലേക്‌സ് എന്ന് പേരിട്ട ചിത്ര പ്രദർശനത്തിലൂടെയാണ് ധന്യയുടെ വേറിട്ട ചിത്രരചനാരീതി കലാ സ്നേഹികൾക്ക് മുന്നിൽ എത്തിച്ചത്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ചിത്രപ്രദർശനം. ഇരുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തിച്ചത്.
കൺമുന്നിലെ കാഴ്‌ചകളാണ് ഓരോ ചിത്രങ്ങളിലും തെളിഞ്ഞു വരുന്നത്. ചില ചിത്രങ്ങൾ രണ്ടാഴ്‌ച മുതൽ ഒരു മാസം വരെ സമയമെടുത്താണ് ധന്യ പൂര്‍ത്തിയാക്കിയത്.
രണ്ടാമത്തെ തവണയാണ് ധന്യ ഇത്തരത്തിലൊരു ഏകാംഗ ചിത്രപ്രദർശനം നടത്തുന്നത്. ചിത്രകലയിൽ ഇനിയും ഏറെ വ്യത്യസ്‌ത വരുത്തി മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രദർശനമാണ് ധന്യയുടെ ഇനിയുള്ള ആഗ്രഹം.
എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശിനിയാണ് ധന്യ എന്ന ചിത്രകാരി. ഭർത്താവ് ഷിനോജും ചിത്രകാരനാണ്.