കോഴിക്കോട് : പെരുന്നാള്‍ ദിനത്തില്‍ ബെംഗളൂരുവിൽ പോയ ഉടമ ലോക്ക്ഡൗണിൽ കുടുങ്ങിയതോടെ, ഭക്ഷണവും വെള്ളവും കിട്ടാതെ പെറ്റ് ഷോപ്പിലെ പക്ഷിമൃഗാദികള്‍ ചത്തു. നാദാപുരം പാറക്കടവിലാണ് സംഭവം. ബെംഗളൂരു സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അല്‍ നബീന്‍ പെറ്റ് ഷോപ്പില്‍ വില്‍പ്പനയ്ക്ക് വച്ച മൃഗങ്ങളും പക്ഷികളുമാണ് ചത്തൊടുങ്ങിയത്.
കടയില്‍ നിന്ന് രൂക്ഷഗന്ധം പുറത്തുവന്നു തുടങ്ങിയതോടെ റോഡിലൂടെ പോവുകയായിരുന്ന നാട്ടുകാരിൽ ചിലരാണ് കടയുടമയെ ഫോണില്‍ ബന്ധപ്പെട്ട് വിഷയം സൂചിപ്പിച്ചത്. തുടർന്ന് താക്കോല്‍ സംഘടിപ്പിച്ച് കട തുറന്നുനോക്കിയപ്പോഴാണ് മൃഗങ്ങളും പക്ഷികളും ചത്ത നിലയിൽ കാണപ്പെട്ടത്.
ലോക്ക്ഡൗണിൽ ബെംഗളൂരുവിൽ കുടുങ്ങി പെറ്റ് ഷോപ്പ് ഉടമ ; ഭക്ഷണമില്ലാതെ പക്ഷി മൃഗാദികള്‍ ചത്തൊടുങ്ങി കടയില്‍ കൂട്ടിലാക്കി വില്‍പ്പനയ്ക്ക് വെച്ച മുയലുകള്‍, പൂച്ച, ലൗ ബേര്‍ഡ്‌സ്, അലങ്കാര മത്സ്യങ്ങൾ മുതലായവയെല്ലാം തീറ്റയും വെള്ളവും ഇല്ലാതെ ചത്തൊടുങ്ങി.
ALSO READ:സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതി മാറും ; പുതുക്കിയ COVID പ്രോട്ടോകോൾ ഉടൻ
ബലിപെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയതായിരുന്നു നാസർ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ കേരളത്തിലേക്ക് കടക്കാന്‍ സാധിക്കാതെ കര്‍ണാടകയില്‍ കുടുങ്ങുകയായിരുന്നു.
അതേസമയം കടയിലെ പക്ഷി മൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കാനും പരിപാലിക്കാനും പാറക്കടവ് സ്വദേശിയെ ഏല്‍പ്പിച്ചിരുന്നതായി നാസര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇതൊന്നും ചെയ്യാതിരുന്നതോടെ മൃഗങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
രണ്ടാഴ്‌ചയോളം കട പൂട്ടിയിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം സംബന്ധിച്ച് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും മൃഗ സംരക്ഷണ വകുപ്പിലും നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്.