കേരളം

kerala

ETV Bharat / state

'പുകയും തീയാകും' വിറകടുപ്പ് ; ജയപ്രകാശിന്‍റെ പരീക്ഷണത്തിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ് - പുകശല്യമില്ലാത്ത വിറകടുപ്പ്

വിറക് ലാഭം, പുകശല്യമില്ല തുടങ്ങിയ ഗുണങ്ങൾ കണക്കിലെടുത്താണ് ജയപ്രകാശ് നിർമിച്ച പോർട്ടബിൾ വിറകടുപ്പിന് പേറ്റന്‍റ് ലഭിച്ചത്

patent for firewood hearth invented by koylandi native jayaprakash  patent for koylandi native Jayaprakash firewood hearth  പുകയും തീയാകും വിറകടുപ്പ്  ജയപ്രകാശിന്‍റെ പോർട്ടബിൾ വിറകടുപ്പിന് പേറ്റന്‍റ്  കൊയിലാണ്ടി ജയപ്രകാശ് പോർട്ടബിൾ വിറകടുപ്പ്  പുകശല്യമില്ലാത്ത വിറകടുപ്പ്  koylandi jayaprakash firewood hearth experiment
'പുകയും തീയാകും' വിറകടുപ്പ്; ജയപ്രകാശിന്‍റെ പരീക്ഷണങ്ങളെ തേടി കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്

By

Published : May 18, 2022, 4:41 PM IST

കോഴിക്കോട് : കൊയിലാണ്ടി സ്വദേശി ജയപ്രകാശ് (ജെ.പി ടെക്ക്) രൂപകൽപ്പന ചെയ്‌ത 'പുകയും തീയാകുന്ന' പോർട്ടബിൾ വിറകടുപ്പിന് കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്. 27 വർഷത്തെ ജയപ്രകാശിന്‍റെ കഠിനശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. 20 വർഷത്തേക്ക് ഇത്തരം അടുപ്പുകൾ നിര്‍മിച്ച് വില്‍പന നടത്താനുള്ള അവകാശം ഇനി ഈ 54കാരന് മാത്രം സ്വന്തം.

ഗുണങ്ങളേറെ : 6000, 7000 എന്നീ വിലകളിലുള്ള രണ്ട് മോഡലുകളാണ് ജയപ്രകാശിന്‍റെ നിർമാണ കമ്പനിയായ ജെ.പി ടെക്ക് നിർമിക്കുന്നത്. കൊയിലാണ്ടിയിലും കോയമ്പത്തൂരിലും നിർമാണ കേന്ദ്രങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളോളം നശിക്കാതെ നീണ്ടുനിൽക്കുമെന്ന ഉറപ്പാണ് ജയപ്രകാശ് തൻ്റെ കണ്ടുപിടുത്തത്തിന് നൽകുന്നത്. ഒപ്പം പുക ഉയരില്ല എന്നതും സാധാരണ അടുപ്പിനെ മുൻനിർത്തി ഇദ്ദേഹം തെളിയിച്ചുനൽകും.

തീ കൊളുത്തിയാൽ നാല് മിനിറ്റിനുള്ളിൽ വെള്ളം ചൂടാവും. വിറക് ലാഭം, പുകയില്ലാത്തതിനാൽ അന്തരീക്ഷ മലിനീകരണം വളരെ കുറവ്. എത്ര നേരം കത്തിച്ചാലും അടുപ്പിൻ്റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെടുന്നില്ല എന്നത് കൊണ്ട് സുരക്ഷിതവും. ഇവയെല്ലാം കണക്കിലെടുത്താണ് ജയപ്രകാശ് അംഗീകരിക്കപ്പെട്ടത്.

'പുകയും തീയാകും' വിറകടുപ്പ്; ജയപ്രകാശിന്‍റെ പരീക്ഷണങ്ങളെ തേടി കേന്ദ്ര സർക്കാരിന്‍റെ പേറ്റന്‍റ്

ഡിപ്പാർട്ട്മെന്‍റ് ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജിക്ക് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനാണ് (എൻ.ഐ.എഫ്) പേറ്റന്‍റിനുള്ള ശ്രമങ്ങൾ നടത്തിയതും മുഴുവൻ ചെലവും വഹിച്ചതും. പേറ്റന്‍റ് കാലവധി കഴിയുന്നതോടെ ഈ അടുപ്പ് രാജ്യത്തിൻ്റെ പൊതു സ്വത്തായി മാറും.

അടുപ്പിലെ പരീക്ഷണം : 27 വർഷമായി കൊയിലാണ്ടി കോമത്തുകര സ്വദേശി ജയപ്രകാശ് അടുപ്പിന് പിന്നാലെയാണ്. അച്ഛന് ജോലി കോയമ്പത്തൂരിൽ ആയിരുന്നു. സ്‌കൂൾ അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം കോയമ്പത്തൂരിലേക്ക് പോകും.

ഒരു തവണ നാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ കോയമ്പത്തൂർ വൺ പ്ലസ് വൺ മണ്ണടുപ്പ് ജയപ്രകാശ് കൊണ്ടുവന്നു. ഇതിന് പ്രചാരം വന്നതോടെ അമ്മ പത്മിനി അടുപ്പ് വിൽപന ആരംഭിച്ചു. ഈ അടുപ്പിലാണ് കുഴൽ ഉപയോഗിച്ച് പുക പുറത്തേയ്ക്ക് വിടുന്ന പരീക്ഷണം ജയപ്രകാശ് നടത്തിയത്.

പരിഷത്തിൻ്റെ പുകയില്ലാത്ത അടുപ്പുകളുടെ പരീക്ഷണ കാലം കൂടി ആയിരുന്നു അത്. അടുപ്പ് വിൽപന തകൃതിയായി നടക്കുന്നതിനിടെ അനർട്ടിൻ്റെ പരിശീലന കളരിയിൽ പങ്കെടുക്കാൻ പത്മിനിക്ക് ഒരവസരം വന്നു. എന്നാൽ ക്യാമ്പിൽ പങ്കെടുക്കാൻ നിയോഗം വന്നത് ജയപ്രകാശിനായിരുന്നു.

അവിടെ നിന്ന് കിട്ടിയ ശാസ്ത്രീയമായ അറിവ് അദ്ദേഹത്തിന് പിൻബലമായി. ഗ്യാസിഫിക്കേഷൻ ടെക്നോളജി അടുപ്പിലേക്ക് സംയോജിപ്പിച്ച ജയപ്രകാശ് പരീക്ഷണം തുടർന്നുകൊണ്ടേയിരുന്നു. പരിഷത്തിൻ്റെ പുകയില്ലാത്ത അടുപ്പുകളുടെ നിർമാണം ഏറ്റെടുത്ത് നടത്തുന്നതിൽ കിട്ടുന്ന വരുമാനത്തിലാണ് പത്ത് വർഷത്തോളം പരീക്ഷണം തുടർന്നത്.

ജയപ്രകാശിനിത് ജന്മസാഫല്യം : ഒടുവിൽ 2008ൽ തൻ്റെ കണ്ടുപിടുത്തം ഊർജ സംരക്ഷണ വകുപ്പിൻ്റെ അവാർഡിന് അയച്ചു. ആ വർഷത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ജയപ്രകാശിൻ്റെ അടുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അവാർഡ് ലഭിച്ചത് മുന്നോട്ടുള്ള ജയപ്രകാശിന്‍റെ പരീക്ഷണങ്ങൾക്ക് വലിയ ആത്മവിശ്വാസം പകർന്നു.

തുടർന്ന് 2012ൽ എൻഐഎഫിൻ്റെ ദേശീയ പുരസ്‌കാരം രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ മാലിന്യ സംസ്‌കരണം നടത്തുന്ന സംവിധാനം നിർമിച്ചതിന് 2017ലും 2019ലും വീണ്ടും ജയപ്രകാശിനെ സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ചു.

ഇന്ത്യ-പാക് അതിർത്തിയിൽ സൈനികർക്ക് പുകയില്ലാത്ത അടുപ്പ്‌ നിർമാണത്തിൽ പരിശീലനം നൽകിയും ഇന്ത്യ-ചൈന ഗ്രാമീണ മേഖലയ്‌ക്ക് അനുയോജ്യമായ വിറകടുപ്പുകൾ ചൈനയിലെ അടുപ്പ് നിർമാതാവിനൊപ്പം ഡിസൈൻ ചെയ്‌തുമെല്ലാം ജയപ്രകാശ് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

കശ്‌മീർ സർവകലാശാലയുമായും എൻഐഐടി കശ്‌മീരുമായും എൻഐഎഫ് കശ്‌മീർ വിങ്ങുമായും ചേർന്ന് ജമ്മുവിലെ ജനങ്ങൾക്കാവശ്യമായ രീതിയിലുള്ള റൂം ഹീറ്റർ ഡിസൈൻ ചെയ്തതിന്‍റെ തുടർ പരീക്ഷണങ്ങൾ കൊടൈക്കനാലിലും ഡെറാഡൂണിലും ഇപ്പോഴും നടക്കുകയാണ്. അടുപ്പിലെ പരീക്ഷണങ്ങളുമായി ജയപ്രകാശ് ഇപ്പോഴും മുന്നോട്ടുപോകുകയാണ്, വീട്ടമ്മമാരുടെ മഹനീയമായ നിർദേശങ്ങൾ കേട്ട്.

ഭാര്യ:റാണി, മക്കൾ: തീർത്ഥ(എംബിബിഎസ് അവസാനവര്‍ഷം), കാവ്യ (എല്‍എല്‍ബി അവസാനവര്‍ഷം)

ABOUT THE AUTHOR

...view details