കോഴിക്കോട്:പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഡി.എൻ.എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം ഇർഷാദിന്‍റേത് തന്നെയെന്ന സംശയത്തിലാണ് പൊലീസ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ യുവാവിന്‍റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചത്.
വിശദാംശങ്ങൾ നൽകാൻ കോഴിക്കോട് റൂറൽ എസ്.പി വെള്ളിയാഴ്‌ച (ഓഗസ്റ്റ് അഞ്ച്) മാധ്യമങ്ങളെ കാണും. കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്‍റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. മൃതദേഹത്തിന് ഇർഷാദുമായി രൂപ സാദൃശ്യമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഡി.എൻ.എ പരിശോധനക്ക് അയച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇർഷാദ് കോരപ്പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മറ്റൊരു മൃതദേഹത്തിന്‍റെ ഡി.എന്‍.എയും പരിശോധിക്കും:ആറംഘ സംഘം കാറിലെത്തുകയും തുടര്‍ന്ന് അതിലൊരാൾ പുഴയിൽ ചാടിയതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ ഡി.എൻ.എയും പൊലീസ് പരിശേധിക്കും. പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടർന്ന്, കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു.
ജൂലൈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‌സ്‌ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിൻ്റെ കൈവശം കൊടുത്തുവിട്ട സ്വർണം കൈമാറിയില്ലെന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ച് ഭീഷണി ആരംഭിച്ചത്. കേസിൽ ഇതുവരെ നാല് പേരെയാണ് അറസ്റ്റുചെയ്‌തത്. കണ്ണൂർ സ്വദേശി മിർഷാദ്, വയനാട് സ്വദേശികളായ, ഷെഹീൽ, ജനീഫ്, സജീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ALSO READ|യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണക്കടത്ത് സംഘം: റെയ്‌ഡിനിടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പ്രതിയുടെ ആത്മഹത്യ ഭീഷണി