കോഴിക്കോട്:കൊയിലാണ്ടി ഊരള്ളൂരിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. മണ്ണെണ്ണയോ, പെട്രോളോ ഒഴിച്ച് ആത്മഹത്യ ചെയ്‌തതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഊരള്ളൂര്‍ സ്വദേശി രാജീവന്‍റേതാണെന്ന് (54) സ്ഥിരീകരിച്ചിരുന്നു.
പെയിന്‍റിങ് തൊഴിലാളിയാണ് മരിച്ച രാജീവൻ. ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പരിശോധന ഫലം വന്നാലേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. മൃതശരീര ഭാഗങ്ങൾ പല സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയത് മൃഗങ്ങൾ കടിച്ചുവലിച്ചത് കൊണ്ടാവാം എന്നും പൊലീസ് പറയുന്നു. ഓഗസ്റ്റ് 13ന് രാവിലെയാണ് കൊയിലാണ്ടി ഊരള്ളൂരിൽ മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാര്‍ ആദ്യം കണ്ടത് കാല്‍: നടുവണ്ണൂർ റോഡിനോട് ചേര്‍ന്ന്, ഊരള്ളൂർ പ്രദേശം കഴിഞ്ഞ് അരക്കിലോമീറ്റർ മാറി വയലിലാണ് ശരീര ഭാഗങ്ങള്‍ കാണപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയില്‍ കാലാണ് ആദ്യം നാട്ടുകാര്‍ കണ്ടത്. തുടർന്ന് പ്രദേശവാസികള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയും മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങൾ വയലിൽ നിന്ന് തന്നെ കണ്ടെത്തുകയുമായിരുന്നു.
ALSO READ |കോഴിക്കോട് മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വയലില്‍ ; അന്വേഷണം
മൃതദേഹഭാഗങ്ങൾ ലഭിച്ച സ്ഥലത്ത് നിന്ന് തന്നെ ചെരിപ്പും വസ്ത്രത്തിന്‍റെ ഭാഗവും കണ്ടെത്തിയിരുന്നു. ഇത് കണ്ടാണ് മൃതദേഹം രാജീവന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണും സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോ എന്നത് വിശദമായ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ എന്ന് കോഴിക്കോട് റൂറൽ എസ്‌പിയുടെ ചുമതലയുള്ള കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ ഐപിഎസ് ഇന്നലെ അറിയിച്ചിരുന്നു.