കോഴിക്കോട്: കാലാവസ്ഥയിലെ അസാധാരണ മാറ്റത്തിൽ ആശങ്കയിലാണ് കർഷകർ. തീരാതെ പെയ്യുന്ന കനത്ത മഴയിൽ വിളഞ്ഞ് പാകമാകാറായ നെൽകതിർ വെള്ളത്തിൽ മുങ്ങി ചീഞ്ഞു പോകുകയും വിള പതിരാവുകയും ചെയ്യുന്നു. മാറിമാറി വരുന്ന കാലാവസ്ഥക്ക് അനുസരിച്ചാണ് നെൽകൃഷി ചെയ്യാറുള്ളത്.
കാലാവസ്ഥ ചതിക്കുന്നു; നെൽകർഷകർ ആശങ്കയിൽ തുലാം പത്ത് കഴിയുന്നതോടെ തുലാവർഷം അവസാനിക്കുകയോ മഴയുടെ അളവ് കുറയുകയോ ചെയ്യും. തുലാവർഷം കഴിഞ്ഞ ഉടൻ കതിരുവരുന്ന വിധത്തിലാണ് നെൽകൃഷി ഇറക്കുക. എന്നാൽ, ഇത്തവണത്തെ മഴ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു.
പതിവ് തെറ്റിയെത്തിയ മഴയിലും വെള്ളക്കെട്ടിലും നെൽകൃഷി വെള്ളത്തിൽ മുങ്ങി. കാറ്റിലും മഴയിലും ജില്ലയുടെ പലഭാഗത്തും നെൽച്ചെടികൾ വീണിട്ടുണ്ട്. മഴയും ഇടിയും കാരണം കതിരുകൾ കൊഴിയുന്നു. ആവശ്യത്തിന് വെയിൽ ലഭിച്ചില്ലെങ്കിൽ പാതിരായിപ്പോകാനും സാധ്യതയേറെയാണ്.
ചാലിയാറിനോട് ചേർന്ന മാവൂർ പാടത്ത് ബിരിയാണി അരിയടക്കം കൃഷി ചെയ്‌തവരുണ്ട്. ആറ്റുപുറത്തു നൊട്ടീവീട്ടിൽ മരക്കാർ ബാവ വൈശാഖ്, ബ്ലാക്ക് ജാസ്‌മിൻ, രക്‌തശാലി, ഉമ, മട്ട ത്രിവേണി, ഞവര, കോല ബിരിയാണി അരി എന്നിങ്ങനെ 7 ഇനം നെൽകൃഷിയാണ് ചെയ്‌തിട്ടുള്ളത്. മഴ ശമിക്കാതെ തുടരുകയാണെങ്കിൽ ഇത്തവണ 75 ശതമാനം നെല്ലും പാതിരായിപോകുമെന്ന ആശങ്കയിലാണെന്ന് മരക്കാർ ബാവ പറയുന്നു.
Also Read: കൺസഷൻ ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന്