കേരളം

kerala

ETV Bharat / state

രാജൻ നടന്ന വഴിയില്‍ "പ്ലാസ്റ്റിക് മുളയ്ക്കില്ല".. ഇതൊരു ഭ്രാന്തൻ മാതൃകയല്ല.. - പാറോൽ രാജൻ

രാവിലെ നടക്കാനിറങ്ങുന്ന പാറോൽ രാജൻ വഴിയിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികളെല്ലാം സഞ്ചിയിൽ ശേഖരിച്ച് വീട്ടുവളപ്പിൽ സൂക്ഷിക്കുന്നു. മൂന്ന് മാസം കൊണ്ട് ചേമ​ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 18, 19 വാർഡുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂരിഭാഗവും രാജന്‍റെ വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് കുപ്പികൾ  Plastic bottle  പ്ലാസ്റ്റിക് മാലിന്യങ്ങൾ  ചേമ​ഞ്ചേരി ഗ്രാമ പഞ്ചായത്ത്  Paarool Rajan  Chemancheri panchayat  Chemancheri panchayat plastic free  പാറോൽ രാജൻ
രാജൻ നടന്ന വഴിയില്‍ പ്ലാസ്റ്റിക് മുളയ്ക്കില്ല.. ഇത് വെറുമൊരു മാതൃകയല്ല..

By

Published : Jun 26, 2021, 5:44 PM IST

കോഴിക്കോട്:ചിലർ ഭ്രാന്തനെന്ന് വിളിച്ചു. മറ്റ് ചിലർ കുപ്പി രാജനെന്ന് വിളിക്കും.. പക്ഷേ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പൂക്കാട് പാറോൽ രാജൻ ഇതൊന്നുമല്ല. സ്വന്തം പഞ്ചായത്തിലെ ഓരോ പ്ലാസ്‌റ്റിക് കുപ്പിയും രാജൻ പെറുക്കിയെടുക്കും. അത് സ്വന്തം വീട്ടുവളപ്പില്‍ സൂക്ഷിക്കും.

അങ്ങനെ വീടിന്‍റെ പരിസരം പ്ലാസ്റ്റിക് കൂമ്പാരമായി. രാവിലെ നടക്കാനിറങ്ങിയ രാജന്‍റെ ഹൃദയം ഒരിക്കല്‍ മന്ത്രിച്ചു, മണ്ണാണ് വലുത് പ്ലാസ്റ്റിക്കല്ല...

എല്ലാം യാദൃശ്ചികം

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരമാണ് രാജൻ രാവിലെ നടക്കാനിറങ്ങിയത്. തന്‍റെ വീടിനു പരിസരത്തെ നടവഴികളിലൂടെയും റോഡിലൂടെയും രാവിലെ ഒന്നര മണിക്കൂർ നടക്കും. നടക്കുന്നതിനിടയിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികളെല്ലാം സഞ്ചിയിൽ ശേഖരിച്ചാണ് വീട്ടിലേക്കുള്ള മടക്കം.

സൈക്കിള്‍

പിന്നീടുള്ള ദിവസങ്ങളിൽ സ​ഞ്ചി പോരാതെ വന്നപ്പോൾ വലിയ പ്ലാസ്റ്റിക് ചാക്കുമായിട്ടായി രാജന്‍റെ പ്രഭാത നടത്തം. ഒന്നര മണിക്കൂർ നടത്തം കഴിഞ്ഞു വരുമ്പോഴേക്കും ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികൾ.

വൃത്തിയായത് രണ്ട് വാർഡുകൾ

റോഡിലും റെയിൽവേ ട്രാക്കിലും നടവഴിയിലും ഉപേക്ഷിച്ച പ്ലാസ്റ്റിക് മണ്ണിനു നാശമുണ്ടാക്കാത്ത വിധം ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിക്കുകയാണ് പാറോൽ രാജൻ. മൂന്ന് മാസം രാജൻ നടന്നപ്പോഴേക്കും ചേമ​ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 18, 19 വാർഡുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂരിഭാഗവും രാജന്‍റെ വീട്ടുമുറ്റത്തെത്തി.

ശേഖരിച്ച കുപ്പികളിൽ തീരെ മോശമായവ, ശീതളപാനിയങ്ങളുടെയും പഴച്ചാറിന്‍റെയും സോസിന്‍റെയുമെല്ലാം ചെറിയ കുപ്പികൾ, മിനറൽ വാട്ടറിന്‍റെയും ശീതള പാനീയങ്ങളുടെയും വലിയ ബോട്ടിലുകൾ എന്നിവ വേർതിരിച്ചാണ് രാജൻ കൂട്ടിയിട്ടിരിക്കുന്നത്.

പരിഹാസത്തിന് പുല്ലുവില

കുപ്പി ശേഖരിക്കാൻ തുടങ്ങിയപ്പോൾ ചിലർ ഭ്രാന്തനെന്ന് വിളിച്ചു. മറ്റ് ചിലർ പണം സമ്പാദിക്കാനാണെന്ന് പറഞ്ഞു, ചിലർ മാത്രം നല്ലത് പറഞ്ഞു. ഇനി 'കുപ്പി രാജൻ' എന്ന് വിളിച്ചാലും തനിക്ക് പ്രശ്നമില്ലെന്നാണ് രാജന്‍റെ പക്ഷം. എന്തായാലും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ചേമഞ്ചേരി പഞ്ചായത്തിലെ 18, 19 വാർഡുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ മാലിന്യ കൊട്ടകൾ വാങ്ങി സ്ഥാപിക്കാനാണ് രാജന്‍റെ തീരുമാനം.

ഭാര്യക്കും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. കർഷകനായ രാജന് മണ്ണിനോടാണ് സ്നേഹം. പ്ലാസ്റ്റിക്കിനോടല്ല.

ALSO READ:10 പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി

ABOUT THE AUTHOR

...view details