കോഴിക്കോട്:എല്ലാ തരത്തിലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൂര്‍ണ്ണമായും ഭാവിയിലെ ആവശ്യങ്ങള്‍ക്കും വികസനത്തിനും അനുയോജ്യമാകുന്ന വിധമായിരിക്കും പാതയുടെ നിര്‍മ്മിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണി പൂർത്തിയായിക്കഴിഞ്ഞാല്‍ വയനാട് ചുരത്തിന്‍റെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുന്നതിനോടൊപ്പം മലബാറില്‍ വലിയ വികസന കുതിപ്പിന് കാരണമാകുന്ന പദ്ധതിയായി ഇത് മാറും. പദ്ധതിയുടെ വിദഗ്‌ധ പഠനം കഴിഞ്ഞു. അഭിപ്രായ സ്വരൂപണത്തിലൂടെ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദ സാങ്കേതിക പഠന പ്രകാരം കഴിഞ്ഞ മെയ് ആറിന് അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അന്തിമ രൂപരേഖ പ്രകാരം അതിര്‍ത്തി നിര്‍ണയത്തിന്‍റെ ഭാഗമായി വനമേഖല തിട്ടപ്പെടുത്തി ഭൂപടം തയ്യാറാക്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പറഞ്ഞു.