കേരളം

kerala

ETV Bharat / state

ജീവനേകാന്‍ കാരുണ്യക്കരുതല്‍ ; അവയവ ദാനത്തിന് സമ്മതപത്രം നൽകാന്‍ 5,000 കുടുംബശ്രീ അംഗങ്ങൾ, മാതൃകയായി കോട്ടൂർ പഞ്ചായത്ത് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് കുടുംബശ്രീ പ്രവർത്തകർ ലക്ഷ്യമിടുന്നത്

organ donation  five thousand members  kottur gramapanchayath kozhikode  kozhikode  kudumbasree  അവയവദാനം  കോട്ടൂർ ഗ്രാമപഞ്ചായത്ത്  അവയവ ദാനത്തിന് സമ്മതപത്രം  കുടുംബശ്രീ അംഗങ്ങൾ  അവയവദാന സമ്മതപത്രം  കുടുംബശ്രീ  അവയവദാന പഞ്ചായത്ത്  organ donation panchayath  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി ഒരു പഞ്ചായത്ത്

By

Published : Jun 19, 2023, 6:28 PM IST

അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി ഒരു പഞ്ചായത്ത്

കോഴിക്കോട് :അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി ഒരു പഞ്ചായത്തിലെ 5,000 കുടുംബശ്രീ അംഗങ്ങൾ. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിലാണ് വിപ്ലവകരമായ ഈ നേട്ടം കൈവരിക്കാൻ ഒരുങ്ങുന്നത്. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഇതിൻ്റെ ഭാഗമായി വിപുലമായ ബോധവത്കരണ പരിപാടിയാണ് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. ആദ്യ ഘട്ടമായി സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽപി സ്‌കൂളിൽ നടന്നു. ജില്ല പഞ്ചായത്ത് സ്നേഹസ്‌പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധവത്കരണ ക്ലാസെടുത്തു.

ലക്ഷ്യമിടുന്നത് സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന നേട്ടം : മുഴുവൻ വാർഡുകളിലും ഇതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ കൂടുതൽ ആളുകൾ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നത്. സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

സിഡിഎസ് ചെയർപേഴ്‌സൺ ഷീന യു എം കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി എച്ച് സുരേഷ് ചെയർമാനും സി കെ വിനോദൻ മാസ്‌റ്റർ കോർഡിനേറ്ററുമായി സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് എന്ത് ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്. പഞ്ചായത്ത് അധികൃതർ അതിന് പൂർണ സഹകരണവും നൽകി.

19 വാർഡുകളിലും കോ-ഓർഡിനേറ്റർമാരെ നിശ്ചയിച്ച് പ്രവർത്തനം വിപുലമാക്കി. അടുത്തതായി പൊതുസഭ വിളിച്ച് ചേർക്കും. ജൂൺ 25 മുതൽ ജൂലൈ അഞ്ച് വരെ സമയബന്ധിതമായി പ്രവർത്തനങ്ങൾ കൂട്ടിയോജിപ്പിക്കും. അടുത്ത ഘട്ടമായി 364 കുടുംബശ്രീകളും വിളിച്ച് ചേർക്കും. അയൽക്കൂട്ടങ്ങൾ വഴിയാണ് ഇതിൻ്റെ അറിയിപ്പുകൾ കൈമാറുക.

കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണവും അഭിനന്ദനങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടും പ്രതീക്ഷയില്ലാതെ തുടക്കമിട്ട ആശയത്തിന് മികച്ച പ്രതികരണം കിട്ടിയെന്നും സിഡിഎസ് ചെയർപേഴ്‌സൺ ഷീന യു എം പറഞ്ഞു.

നഷ്‌ടപ്പെട്ടു പോകുന്ന, നശിച്ച് പോകുന്ന ശരീരത്തിലെ അവയവങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് വിലമതിക്കാൻ പറ്റാത്ത ആവശ്യകത ഉണ്ടെന്ന തിരിച്ചറിവ് കൂടിയാണ് കോട്ടൂർ പഞ്ചായത്തിൽ നിന്ന് ഉയരുന്നത്. ഇന്നല്ലെങ്കിൽ നാളെ കൂടുതൽ പേർ അവയവദാനത്തിൻ്റെ ഭാഗമാകുമെന്ന പ്രതീക്ഷയും പ്രവർത്തകർക്കുണ്ട്. ജീവൻ നിലനിർത്താൻ അവയവങ്ങൾ പ്രതീക്ഷിച്ച് പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്.

ഇങ്ങനെയുള്ള ഒരവസ്ഥയ്ക്ക്‌ അറുതി വരുത്തുക എന്ന ചിന്ത തന്നെയാണ് കോട്ടൂർ പഞ്ചായത്തിൽ നിന്ന് മുഴങ്ങി കേൾക്കുന്നത്. അതിൻ്റെ പ്രവർത്തനങ്ങൾ എന്നും തുടരുമെന്ന ഉറപ്പും ഇവർ നൽകുന്നു. ഇതേ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി അവയവ മാഫിയക്ക് ഇടപെടലിന് അവസരം നല്‍കാതെ പദ്ധതി വിജയിപ്പിക്കാനാണ് കോട്ടൂർ തയ്യാറെടുക്കുന്നത്.

പദ്ധതി കുടുംബശ്രീയുടെ വിജയം : പല രംഗത്തും പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകൾ ചെലുത്തുന്ന സ്വാധീനത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. പ്രതിസന്ധി അനുഭവിക്കുന്ന ജനസമൂഹത്തിന് അവർ വലിയ കൈത്താങ്ങാവുകയാണ്.

പുരുഷ സമൂഹത്തെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാൻ കുടുംബശ്രീ കൂട്ടായ്‌മ ശ്രമിക്കുന്നു എന്നതും അഭിമാനകരമാണ്. അവയവ ദാനം, ജീവിതത്തിലെ രണ്ടാമത്തെ അവസരമായാണ് കണക്കാക്കുന്നത്. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾ തകരാറിലാകുന്നവർക്ക് അവ മാറ്റിവയ്ക്കാവുന്നതാണ്.

പല സ്വീകർത്താക്കളെയും സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങാൻ ഇത് അനുവദിക്കുന്നു. കോർണിയ മാറ്റിവയ്ക്കൽ കൊണ്ട് വീണ്ടും കാണാനുള്ള കഴിവ് വ്യക്തിക്ക് സമ്മാനിക്കപ്പെടുന്നു. കോർണിയ, ഹൃദയം, കരൾ, വൃക്കകൾ, കുടൽ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾ 'മസ്‌തിഷ്‌ക മരണം' സംഭവിച്ചാൽ ദാനം ചെയ്യാൻ കഴിയും.

മരിച്ചയാൾ അവരുടെ രജിസ്ട്രിയിൽ ദാതാവായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടോ എന്ന് ആരോഗ്യ സംരക്ഷണ അധികാരികൾ പരിശോധിക്കുന്നു. ഇന്ത്യയിൽ, അവയവദാനത്തിന് കുടുംബത്തിന്‍റെ സമ്മതം നിർബന്ധമാണ്, അവസാന വാക്ക് അവരുടേതാണ്. കൃത്രിമമായി രക്തചംക്രമണം നടത്തുമ്പോൾ മസ്‌തിഷ്‌ക മരണം നിർണയിച്ചതിന് ശേഷം അവയവങ്ങൾ എത്രയും വേഗം നീക്കം ചെയ്യണം. 12 മുതൽ 24 മണിക്കൂറിനുള്ളിൽ അവയവങ്ങൾ നീക്കം ചെയ്യാം.

ദാതാക്കളെ വിലയിരുത്തുന്നതിന് : അവയവ ദാതാക്കളെ അവരുടെ ആരോഗ്യം, ഏതെങ്കിലും സാംക്രമിക രോഗങ്ങളുടെ സാന്നിധ്യം, അവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള ശാരീരികക്ഷമത എന്നിവ വിലയിരുത്തുന്നതിന് വിപുലമായി പരിശോധിക്കുന്നു. രക്തഗ്രൂപ്പ്, ഇമ്മ്യൂണോളജിക്കൽ സ്‌റ്റാറ്റസ്, മെഡിക്കൽ എടുത്തത് തുടങ്ങിയ ചില പരിശോധനകൾ എന്നിവ കൂടാതെ ട്രാൻസ്പ്ലാന്‍റ് ശസ്ത്രക്രിയയ്ക്ക് ദാതാക്കളുടെ ടിഷ്യൂ പൊരുത്തപ്പെടലും സ്വീകർത്താവുമായുള്ള അനുയോജ്യതയും പ്രധാനമാണ്. മെഡിക്കൽ ബോർഡ് അംഗീകരിച്ചാൽ മാത്രമേ അവർക്ക് ദാനം ചെയ്യാൻ അനുമതി ലഭിക്കൂ. അതിനാൽ അവയവങ്ങൾ സ്വീകരിക്കുന്നത് സുരക്ഷിതമാണ്.

തീരുമാനം കുടുംബവുമായോ അടുത്ത ബന്ധുക്കളുമായോ ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. കാരണം, അടിയന്തര സാഹചര്യമോ അനിഷ്‌ട സംഭവങ്ങളോ ഉണ്ടായാൽ ആദ്യം ബന്ധപ്പെടുന്നത് കുടുംബത്തെയായിരിക്കും. അവരുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ അവയവങ്ങൾ വീണ്ടെടുക്കാൻ ഡോക്ടർമാർക്ക് കഴിയൂ. എന്തായാലും
രാജ്യത്തുടനീളം അവയവങ്ങളുടെ ലഭ്യതക്കുറവ് മൂലം ഓരോ വർഷവും ഏകദേശം 5 ലക്ഷം പേർ മരിക്കുന്നു എന്നതാണ് ദുംഖകരമായ സത്യം.

താഴെ പറയുന്നവയാണ് ഒട്ടുമിക്ക അവയവങ്ങളുടെയും പരിമിതമായ ആയുസ്


ഹൃദയം: 4-6 മണിക്കൂർ

കരൾ: 12-24 മണിക്കൂർ

വൃക്ക: 48-72 മണിക്കൂർ

ഹൃദയം-ശ്വാസകോശം: 4-6 മണിക്കൂർ

ശ്വാസകോശം: 4-6 മണിക്കൂർ

ABOUT THE AUTHOR

...view details