കോഴിക്കോട്:നവകേരള സദസ് നടന്ന 44 ദിവസവും കേരളത്തിന്‍റെ തെരുവുകളിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമനം പ്രതിപക്ഷ സമരങ്ങളോട് മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും വലിയ പരിഹാസമാണ്(Opposition Leader VD Satheeshans response on good service entry for cops).
ജനങ്ങളുടെ സാമാന്യ യുക്തിയെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. സമരങ്ങളോടുളള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഉദ്യോഗസ്ഥനും നിയമ വിരുദ്ധമായി കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനുമൊക്കെയാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. സമരങ്ങളിലൂടെ വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവാണ് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതയും വെറുപ്പും കാട്ടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരിഹാസമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥനോട് കക്കൂസ് കഴുകാൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോൾ അത് നോക്കി നിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ട് പോയ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. അയാൾക്ക് കൂടി ഒരു ഗുഡ് സർവീസ് എൻട്രി കൊടുക്കണം. ചാലക്കുടിയിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് ജീപ്പ് തകർത്തപ്പോൾ അത് നോക്കി നിന്ന ഉദ്യോഗസ്ഥരും ഗുഡ് സർവീസ് എൻട്രിക്ക് അർഹരാണ്.
നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി. കേരളീയത്തിൽ കള്ള പിരിവ് നടത്തിയ ഉദ്യോഗസ്ഥന് ട്രോഫി. കാപ്പ പ്രകാരം ജയിലിൽ അടക്കേണ്ടവനാണ് മുഖ്യമന്ത്രിക്ക് കാവൽ പോകുന്നത്. മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുത്. കാരണം നിഴലിനെ പോലും പേടിയാണ്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ .
പരസ്‌പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ചാണ് ബി. ജെ.പി പ്രസിഡന്‍റ് തന്നെ ആക്രമിച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ബി. ജെ.പിക്ക് കേരത്തിൽ ഒരിടം ഇല്ലാതിരിക്കുന്നത് കോൺഗ്രസിന്‍റെ ഇടപെടൽ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ ചരിത്രത്തിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന വർഷമാണ് കടന്നു പോകുന്നത്. മണിപ്പൂരിൽ 254 പള്ളികളാണ് സംഘപരിവാർ കത്തിച്ചത്. സ്‌കൂളുകളില്‍ ക്രിസ്‌മസ് ആഘോഷം വേണ്ടെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് സംഘപരിവാർ സംഘടനകൾ. രാജ്യവ്യാപകമായി ക്രൈസ്തവരെ വേട്ടയാടുന്നവർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവർക്ക് അത് കൃത്യമായി ബോധ്യപ്പെടും.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവർ ഇപ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന് സമനില തെറ്റി. അവരുടെ ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കേരളത്തെ കലാപഭൂമിയാക്കിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.