കോഴിക്കോട്: ജനങ്ങളുമായി ഒരു നേതാവ് ഇഴകിചേരുക എന്നാൽ അത് ഉമ്മൻ ചാണ്ടിയാണ്. അത് ഏത് നാട്ടിൽ ആയാലും. 2004ൽ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ജനസമ്പർക്കം എന്ന പേരിൽ ഒരു ആശയം ഉമ്മൻ ചാണ്ടിയുടെ മനസിലുദിച്ചത്. ജനങ്ങൾക്കിടയില്‍ വിശ്രമമില്ലാതെ പരാതികൾ കേട്ട് പരിഹാരമാർഗം കണ്ടെത്തുന്ന ജനസമ്പർക്ക പരിപാടി അതിവേഗം ജനങ്ങൾ ഏറ്റെടുത്തു.
ഓരോ സ്ഥലങ്ങളിലും വിളിച്ചുചേർക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ടു. അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗം ഉണ്ടാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.
READ MORE |Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എകെ ആന്‍റണി രാജിവച്ചതോടെയാണ് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഭരണത്തിൽ ബാക്കിയുണ്ടായിരുന്ന രണ്ട് വർഷക്കാലയളവിൽ പക്ഷേ പലതിനും പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ 2011-2016 കാലയളവിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം പലവഴിയിൽ അദ്ദേഹത്തിന് തടയിടാൻ ശ്രമിച്ചെങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി.
പ്രതിഷേധത്തിനിടയിലും ഒഴുകിയെത്തിയത് പതിനായിരങ്ങള്‍:അതിവേഗം ബഹുദൂരം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ചു ഉമ്മൻചാണ്ടി. നടത്തത്തിലും അതിവേഗക്കാരനായിരുന്നു. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡയിത്തിലേക്ക് നടന്ന് വരുമ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം കൂടെയുള്ളവർ പാടുപെടുന്നതൊക്കെ മറക്കാനാവാത്ത കാഴ്‌ചയാണ്. ആ പരിപാടി ഉപരോധിക്കാൻ പ്രതിപക്ഷം സർവ സന്നാഹത്തോടെ ഒത്തുകൂടിയിരുന്നു. പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ജില്ലയിലെ പതിനയ്യായിരത്തോളം പേരുടെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയുടെ മുന്നിലേക്കെത്തിയത്.
ALSO READ |നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കിടപ്പിലായവർ, കാലുകള്‍ക്ക് ചലന ശേഷി ഇല്ലാത്തവർ, കാഴ്‌ചയും കേൾവിയും ഇല്ലാത്തവർ, കിടപ്പാടമില്ലാത്തവർ, വിധവകൾ... അങ്ങനെ അങ്ങനെ ഓരോ നാടിൻ്റേയും സ്‌പന്ദനങ്ങൾ തിരിച്ചറിഞ്ഞു ഉമ്മൻചാണ്ടി. പലര്‍ക്കുമുള്ള സഹായങ്ങള്‍ വേദിയില്‍ വച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.