കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ മലയിൽ ബിജിഷയെ ആത്മഹത്യയിലേക്ക് എത്തിച്ചത് ഓൺലൈൻ റമ്മികളിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. യുവതി ഓൺലൈൻ റമ്മികളിയുടെ ഇരയെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ കണ്ടെത്തൽ. ഓൺലൈൻ റമ്മികളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
2021 ഡിസംബർ 12നാണ് ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് ബിജിഷ നടത്തിയതായി പൊലീസ് കണ്ടെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചിരുന്നു. വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ ബാങ്കിൽ പണയം വെച്ച് വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ കളിച്ചപ്പോൾ പണം കിട്ടുകയും പിന്നീട് പണത്തിൻ്റെ വരവ് കുറയുകയും ചെയ്തു.
ഈ സമയത്ത് ബിജിഷ കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയും ഓൺലൈൻ ലോണെടുത്തും ഗെയിം തുടർന്നു. ഓൺലൈനായി എടുത്ത ലോൺ തിരിച്ചടക്കാതെയായപ്പോൾ വായ്പ നൽകിയ ഏജൻസി ബിജിഷക്കെതിരെ രംഗത്തെത്തി. ബിജിഷക്കൊപ്പം ഒരു സുഹൃത്തും ഓൺലൈൻ റമ്മി കളിക്കാനുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.