കോഴിക്കോട്:കേരളത്തിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിച്ച് വരികയാണ് (Online Fraud Case). സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിനോടൊപ്പം തട്ടിപ്പിൻ്റെ ശൈലികളിലും മാറ്റം വരുന്നുണ്ട്. തുടക്കത്തിൽ നിരന്തരം കേട്ടുകൊണ്ടിരുന്നത് ഒടിപി വഴിയുള്ള തട്ടിപ്പുകളാണ്. അത് നിർമ്മിത ബുദ്ധി വരെ (Artificial intelligence) എത്തി നിൽക്കുന്നു. എന്നാൽ സൈബർ തട്ടിപ്പുകാർ നിലവിൽ വ്യാപകമായി ഉപയോഗിക്കുന്നത് അശ്ലീല ദൃശ്യ പ്രചാരണവും വ്യാജ പൊലീസ് ഭീഷണിയുമാണ്.
ഏറ്റവും ഒടുവില്‍ കോഴിക്കോട്ട് 16കാരൻ ആത്മഹത്യ ചെയ്യാനുള്ള സംഭവത്തിന് പിന്നിൽ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരിലുള്ള വ്യാജ സന്ദേശമാണ്. പണം ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തി ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നിടത്താണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ പെട്ടു പോകുന്നത്. അന്വേഷിച്ചാൽ ലഭിക്കുന്ന മറുപടിയോ തട്ടിപ്പുകാരൻ്റെ തിരിച്ചറിയൽ രേഖകളും അക്കൗണ്ടും വ്യാജമെന്ന് മാത്രം.
നീളുന്ന തട്ടിപ്പുകള്‍ക്ക് അറുതിയില്ല:2022ന് ശേഷം ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിച്ചിട്ടും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളും ബാങ്കിങ് തട്ടിപ്പുകളും അന്വേഷിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. കേരള പൊലീസിലെ വിവിധ അന്വേഷണ സംഘങ്ങളുടെ കീഴിൽ കേസുകളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതികൾ ഒളിവിലിരുന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ചില കേസുകളിലെങ്കിലും നഷ്‌ടപ്പെട്ട മുതൽ കണ്ടെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്‌ത വിവിധ ഓൺലൈൻ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ഏകോപനമില്ലാത്തതാണ് ഇതിൻ്റെ പ്രധാന കാരണം.