കോഴിക്കോട്: ജില്ലയില്‍ മുക്കം ഭാഗത്ത് അനധികൃത വിദേശ മദ്യ വിൽപന നടത്തിയ ആള്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കളരിക്കണ്ടി പത്മരാജനെയാണ് മുക്കം പൊലീസ് പിടികൂടിയത്. അനധികൃതമായി സ്വകാര്യ ബാറിൽ നിന്നും വിദേശമദ്യം കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു ഇയാള്‍. ഇയാളിൽ നിന്നും പതിനഞ്ചു കുപ്പി വിദേശം മദ്യം പൊലീസ് കണ്ടെടുത്തു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യ വിൽപന സജീവമായതായി വിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഐപിഎസിന്‍റെ നിർദേശപ്രകാരം മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാളുടെ നീക്കങ്ങൾ അന്വേഷണ സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യം ശേഖരിച്ചു വില്‍പന നടത്തുന്നതായി അന്വേഷണ സംഘം മനസിലാക്കിയിരുന്നു. ബാഗ് നിറയെ മദ്യവുമായി കാരശ്ശേരി പഞ്ചായത്തിന് മുൻവശത്തുള്ള ബസ്സ്റ്റോപ്പിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മുക്കം ഭാഗത്ത് അനധികൃത വിദേശ മദ്യ വിൽപന നടത്തിയ ഒരാള്‍ അറസ്റ്റില്‍ - കോഴിക്കോട്
കാരശ്ശേരി സ്വദേശി കളരിക്കണ്ടി പത്മരാജനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും പതിനഞ്ചു കുപ്പി വിദേശം മദ്യം പൊലീസ് കണ്ടെടുത്തു.

ലോക്ക് ഡൗൺ തുടങ്ങിയതോടെ മലയോര പ്രദേശത്ത് അനധികൃത മദ്യ വിൽപന സജീവമാണ്. ലോക്ക് ഡൗണിന് കൂടുതൽ ഇളവുകൾ അനുവദിച്ചതും തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യത്തിന് ആവശ്യക്കാർ കൂടിയതും അനധികൃത മദ്യ വിൽപന സജീവമാകുന്നതിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മുക്കം ഇൻസ്‌പെക്‌ടർ എസ് നിസാമിന്‍റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ്ഐ ഷാജിദ് കെ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥര്‍ കാസിം മേപ്പള്ളി, രജീഷ് സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ലീന എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.