കോഴിക്കോട് : നിപാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് കൂട്ടായി ഇനി പ്രതിഭയുണ്ടാകും. ലിനിയുടെ ഭർത്താവ് സജീഷും കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിനി പ്രതിഭയും വിവാഹിതരായി. വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
നിപാ കാലത്ത് മലയാളികളുടെ നൊമ്പരമായി മാറിയ വ്യക്തിയായിരുന്നു നഴ്‌സ് ലിനി. ആദ്യം നിപാ ബാധയാണെന്ന് അറിയാതെയാണ് ലിനി ചികിത്സ തേടിയത്. പിന്നീട് രോഗം തിറിച്ചറിഞ്ഞ് ചികിത്സിച്ചെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വന്നു.
ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി രോഗം ബാധിച്ചതുമുതല്‍ മരിക്കുന്നതുവരെയുള്ള ചെറിയ കാലയളവില്‍ ലിനി കാണിച്ച മനോധൈര്യം കേരളം ചര്‍ച്ച ചെയ്‌തതാണ്. ഒപ്പം ചികിത്സയിലിരിക്കെ വിദേശത്തായിരുന്ന ഭർത്താവിന് എഴുതിയ കത്തും. ലിനിയുടെ വിയോഗശേഷം മക്കൾ റിതുലും സിദ്ധാർഥും അമ്മയുടെ സ്നേഹ സ്‌പർശമില്ലാതെയാണ് വളർന്നത്.
എന്നാൽ ഇപ്പോൾ സജീഷിന്‍റെ ജീവിതത്തിലേക്ക് പ്രതിഭ എത്തിയതോടെ ഒരമ്മയുടെ വാത്സല്യം തിരിച്ചുകിട്ടുന്നതിന്‍റെ സന്തോഷത്തിലാണ് അവര്‍. പ്രതിഭയുടെ മകൾ, സിദ്ധാർഥിനും റിതുലിനും ചേച്ചിയായി ഇനി ഒപ്പമുണ്ടാകും. 2018 ൽ ലിനിയുടെ മരണശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ഇപ്പോൾ സർക്കാർ ജോലിയുണ്ട്. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉൾപ്പടെയുള്ളവർ നവദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചു.