കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ ഇല്ല. കൊവിഡ് ടിപിആർ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രോഗനിരക്ക് കൂടുതലുള്ള പെരുവയൽ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗൺ തുടരും. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ എർപ്പെടുത്തിയിരിക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെയാണ് കാറ്റഗറികൾ. എ വിഭാഗത്തിൽ എട്ട് ശതമാനത്തിൽ താഴെ ശരാശരി ടിപിആർ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. എട്ടു മുതൽ 19 ശതമാനം വരെ ടിപിആർ ഉള്ളവ ബി വിഭാഗത്തിലും 20 മുതൽ 29 ശതമാനം വരെ ടിപിആർ ഉള്ളവ സി വിഭാഗത്തിലും 30 ന് മുകളിൽ ടിപിആർ ഉള്ളവയെ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ടിപിആർ അനുസരിച്ച് നിയന്ത്രണങ്ങൾ
ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്, പഞ്ചായത്തുകളാണ് എ വിഭാഗത്തിൽ ഉൾപ്പെടുന്നവ.