കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ - കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികള്‍

40 വർഷം മുൻപ് സർക്കാർ അനുവദിച്ച 10 സെന്‍റ് ഭൂമിക്ക് പട്ടയം കിട്ടാൻ നെട്ടോട്ടമോടുന്ന എട്ട് കുടുംബങ്ങൾ. ജനിച്ചുവളർന്ന മണ്ണ് സ്വന്തം ആയിട്ടില്ലെന്ന വേദനയിലാണ് ഇവർ.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ

By

Published : Mar 12, 2019, 10:51 PM IST

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം നയിക്കുകയാണ് കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികള്‍. 40 വര്‍ഷം മുമ്പാണ് 10 സെന്‍റ് വീതം ഭൂരഹിതരായ 15 കുടുംബങ്ങൾക്ക് നൽകിയത്. ഭൂമി നല്‍കിയെങ്കിലും എട്ട് കുടുംബങ്ങള്‍ക്ക് ഇത് വരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം കിട്ടാത്തതിനാൽ തകര്‍ന്ന് വീഴാറായ വീടുകൾ പുതുക്കി പണിയാൻ പോലും ഇവർക്ക് അർഹതയില്ല. കോർപ്പറേഷനിൽ നിന്നും കൈവശ രേഖകൾ ലഭിക്കാത്തത് അറ്റകുറ്റപ്പണിക്ക് തടസമാകുന്നു. 40 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താൻ ഒന്നര വർഷമെങ്കിലുമെടുക്കും എന്നാണ് കോര്‍പ്പറേഷന്‍ അധികൃതർ പറയുന്നത്.

പട്ടയ പ്രശ്നം പലതവണ മുഖ്യമന്ത്രിമാരെയടക്കം ബോധ്യപ്പെടുത്തിയെങ്കിലും വാഗ്ദാനങ്ങൾ മാത്രം അവശേഷിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂമിയുടെ ഒരുവശത്ത് കാടുപിടിച്ചു കിടക്കുന്ന പഴയ സ്റ്റീല്‍ ഫാക്ടറിയും ഒരു വശത്ത് റെയിൽവേ ട്രാക്കുമാണ്. വീടുകളിൽ വൃത്തിയുള്ള കുളിമുറികളും ശൗചാലയവും ഇല്ല. മഴ കനത്താല്‍ ചതുപ്പ് നിലത്തോട് ചേര്‍ന്നുള്ള വീടുകള്‍ക്കുള്ളില്‍ വരെ വെള്ളക്കെട്ടാകും. അസഹനീയമായ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ പലരും വീട് ഒഴിഞ്ഞ് പോയി. പോകാന്‍ മറ്റൊരിടമില്ലാത്ത കുടുംബങ്ങളെല്ലാം ഇവിടെത്തന്നെ തുടരുകയാണ്. 40 വര്‍ഷമായി തുടരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും എന്നെങ്കിലും തങ്ങൾ അന്തിയുറങ്ങുന്ന മണ്ണിന് പട്ടയം ലഭിക്കുമെന്ന വിശ്വാസം ഇവർ കൈവിടുന്നില്ല. തീരാദുരിതം മാറാൻ തുറക്കാത്ത വാതിലുകളില്‍ മുട്ടി വിളിച്ചു കൊണ്ടിരിക്കുകയാണ് തെക്കേകുറ്റി നിവാസികൾ.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details