തിരുവനന്തപുരം :പ്ലസ് വൺ അലോട്ട്‌മെന്‍റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ആദ്യ ഘട്ടത്തിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർഥ അപേക്ഷകർ 4,25,730 മാത്രമാണ്.
ഒന്നാം അലോട്ട്മെന്‍റില്‍ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്മെന്റിൽ 17,065 വിദ്യാർഥികൾ പ്രവേശനം തേടിയിട്ടില്ല. രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്മെന്‍റ് ലഭിക്കുകയുണ്ടായി.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ടെന്നും മന്ത്രി അറിയിച്ചു.