കോഴിക്കോട്:ഇന്ന് ബ്രഹ്മപുരം, നാളെ ഞെളിയന്‍ പറമ്പ്..! കൊച്ചിയെ ഒന്നടങ്കം പുകയിൽ ശ്വാസം മുട്ടിച്ച അതേ അവസ്ഥ ഞെളിയൻ പറമ്പിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കാണ് കോഴിക്കോടിൻ്റെ മാലിന്യ സംഭരണിയായ ഞെളിയന്‍ പറമ്പിലെ കരാറുകളും ഏറ്റെടുത്തത്. നഗര മാലിന്യം തള്ളുന്ന ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകളാണ് കമ്പനിക്കുള്ളത്.
മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്‍റ് നിർമിക്കാൻ 250 കോടി രൂപയുടെ കരാറുമാണ് നൽകിയത്. 4 വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതി പോലും പൂർത്തിയാക്കിയില്ല.
പ്ലാന്‍റ് നിർമാണം ആരംഭിച്ചിട്ടുമില്ല. പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായ ബയോ മൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. മഴ, കൊവിഡ് എന്നീ കാരണങ്ങൾ പറഞ്ഞ് 4 തവണ കരാർ നീട്ടി. ഇതുവരെ 1.23 കോടി രൂപ പദ്ധതിക്കായി കോർപറേഷൻ നൽകി.
എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ കടുത്ത എതിർപ്പ് മറികടന്നാണ് തുക അനുവദിച്ചതും. നാലിൽ മൂന്ന് ഭാഗം പണിയും പൂർത്തിയാക്കിയെന്നും ബാക്കി തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോർപറേഷന് വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. എന്നാൽ പണം അനുവദിക്കരുതെന്നാണ് എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ ശിപാർശ. ഇതുവരെയുള്ള ജോലികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി മാത്രം പണം അനുവദിച്ചാൽ മതിയെന്നും ശിപാർശയുണ്ട്. കൗൺസിൽ അതൃപ്‌തി രേഖപ്പെടുത്തിയതിനാൽ കരാർ റദ്ദാക്കണമെന്നും ശുപാർശയുണ്ട്.
കോഴിക്കോടിന്‍റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻ പറമ്പ്. 16 ഏക്കറില്‍ കണ്ണെത്താ ദൂരത്തോളം മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻ പറമ്പിലെ മാലിന്യ നിക്ഷേപത്തിനെന്ന് പഴമക്കാർ പറയും. വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും ഞെളിയൻ പറമ്പില്‍ നിക്ഷേപിച്ചിരുന്നു. മണ്ണിനോട് ചേർന്ന വളമാകുന്ന വിസർജ്യത്തിനും ആവശ്യക്കാരുണ്ടായിരുന്നു.