കോഴിക്കോട് : നിപ വൈറസ് (Nipah Virus) ബാധയെ തുടർന്ന് കോഴിക്കോട് (Kozhikode) ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി (Nipah Virus Restrictions Extended). ഒക്ടോബർ ഒന്ന് വരെയാണ് ക്രമീകരണങ്ങള്‍ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും (Public Meetings) മാറ്റിവയ്ക്കണമെന്ന് ജില്ല കലക്‌ടര്‍ (District Collector) അറിയിച്ചു.
സാമൂഹിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാണ്. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കലക്‌ടര്‍ അറിയിച്ചു. എന്നാല്‍ കണ്ടെയ്ൻമെൻ്റ് സോണായിരുന്ന വടകര താലൂക്കിലെ പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി.
രോഗവ്യാപനത്തില്‍ ആശ്വാസം :കഴിഞ്ഞ പത്ത് ദിവസമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച (25.09.2023) മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. എന്നാല്‍ കണ്ടെയ്ൻമെന്‍റ് സോണുകളിൽ സ്‌കൂളുകൾ തുറന്നിട്ടില്ല. ഇവിടങ്ങളിൽ ഓൺലൈൻ ക്ലാസുകളാണ് തുടരുന്നത്. മാത്രമല്ല കർശന നിർദേശത്തോടെയാണ് ജില്ലയില്‍ സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയത്.
വിദ്യാർഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്‌ക്കണമെന്നും നിർദേശമുണ്ട്. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളുമാണ് നിലവിൽ കണ്ടെയ്ൻമെന്‍റ് സോണുകളായി തുടരുന്നത്. അതേസമയം സെപ്‌റ്റംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധനാഫലമാണ് അവസാനമായി പോസിറ്റീവായത്.