മിംസ് ആശുപത്രി സിഒഒ പ്രതികരിക്കുന്നു കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി. മെഡിക്കൽ കോളജ്, ഇഖ്റ ആശുപത്രികളിൽ കഴിഞ്ഞിരുന്ന രണ്ട് പേരുടെ പരിശോധന ഫലം കൂടിയാണ് നെഗറ്റീവായിരിക്കുന്നത് (Nipah Virus Kozhikode). ഇതോടെ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ഹോം ഐസൊലേഷനിലേക്ക് മാറും.
അതീവ ഗുരുതരാവസ്ഥയിൽ ആറ് ദിവസം വെന്‍റിലേറ്ററിൽ കിടന്ന ഒന്‍പത് വയസുകാരൻ്റെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് മിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ലോകത്ത് ആദ്യമായാണ് വെന്‍റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും ഡോക്‌ടർമാർ അവകാശപ്പെട്ടു. മിംസിൽ ചികിത്സയിൽ കഴിഞ്ഞ രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തു.
മൂന്നാം തവണയും കോഴിക്കോടിനെ മുൾമുനയിൽ നിർത്തിയ നിപ ഭീതിയിൽ നിന്ന് ജില്ല മുക്തമാകുകയാണ് (Nipah Cases Kozhikode). കണ്ടെയ്‌ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സുഗമമായി പ്രവർത്തിക്കാൻ തുടങ്ങി.
നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇനി അറിയാനുള്ളത് രോഗത്തിൻ്റെ ഉറവിടത്തെ കുറിച്ചും അത് എങ്ങനെ മനുഷ്യരിലേക്ക് എത്തി എന്നതുമാണ്. അനുബന്ധ പഠനങ്ങളും കർശനമായ നിരീക്ഷണങ്ങളും തുടർന്നില്ലെങ്കിൽ ഭാവിയിലും ഭീതി ജനകമായ അന്തരീക്ഷം ഉടലെടുത്തേക്കാം.
കൊവിഡ് ദുരിതങ്ങളില്‍ നിന്ന് കരകയറി തുടങ്ങുന്നതിനിടെയാണ് കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരിടവേളയ്‌ക്ക് ശേഷമാണ് നിപ വീണ്ടും എത്തിയത്. ഏറെ ആശങ്കകള്‍ക്ക് വഴിവച്ചെങ്കിലും കൂടുതല്‍ പ്രഹരമേല്‍പ്പിക്കാതെ നിപ അപ്രത്യക്ഷമായ കാഴ്‌ചയാണ് നിലവിലുള്ളത്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് നേരിയ ഭീതി അവശേഷിപ്പിക്കുന്നുണ്ട്.
അതിനാല്‍ തന്നെ രോഗ സാധ്യത പൂര്‍ണമായും വിട്ടൊഴിയുന്നില്ല എന്ന് വേണം കരുതാന്‍. ഇത്തരമൊരു സാഹചര്യത്തില്‍ നിപ വൈറസിനെ കുറിച്ചും മുന്‍കരുതല്‍ നടപടികളെ കുറിച്ചും ജനങ്ങള്‍ ബോധവാന്‍മാരാകണം. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗമാണ് നിപ. പനി, ചുമ, തലവേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കപ്പെട്ടാല്‍ അത് അബോധാവസ്ഥ, മാനസിക വിഭ്രാന്തി, അപസ്‌മാരം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
വൈറസ് രോഗമായതിനാല്‍ ചെറിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ പോലും രോഗത്തെ അകറ്റി നിര്‍ത്താനാകും. കൊവിഡ് പ്രതിരോധത്തിന് സമാനമായ മാര്‍ഗങ്ങള്‍ നിപയിലും സ്വീകരിക്കാം. കൈകള്‍ ഇടയ്‌ക്കിടയ്‌ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്നത് പ്രധാനമാണ്. എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ ഡോക്‌ടറെ സന്ദര്‍ശിക്കുകയും വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും വേണം.
Also Read: Nipah Patients Leave From Hospital നിപയില്‍ ആശ്വാസം; വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ ആശുപത്രി വിട്ടു