കോഴിക്കോട്: നിപ വൈറസ് (Nipah Virus) വ്യാപനത്തിന്‍റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്‍റ് സോണുകളിൽ (Containment Zone) ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (Educational Institutions) തിങ്കളാഴ്‌ച (25.09.2023) മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്നറിയിച്ച് ജില്ല കലക്‌ടറുടെ ഉത്തരവ് (District Collector's Order). വിദ്യാർഥികൾ (Students) ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും (Masks And Sanitizers) നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വയ്‌ക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. കണ്ടെയിൻമെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രദേശത്ത് എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യായനം ഓൺലൈനായി തന്നെ തുടരേണ്ടതാണെന്നും കലക്‌ടറുടെ ഉത്തരവിലുണ്ട്.
Also Read: Nipah Virus Kerala Health Department | നിപ വൈറസിന് ഘടന മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
കഴിഞ്ഞദിവസങ്ങളില്‍ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല നിപ ഭീതിയില്‍ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നതിനാല്‍ തന്നെ തിങ്കളാഴ്‌ച മുതൽ അത് കർശന വ്യവസ്ഥകളോടെ തുറന്ന് പ്രവർത്തിക്കാൻ കഴിയുമോ എന്നതിൽ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ജില്ലകളിൽ സാധാരണ രീതിയിൽ ക്ലാസ് തുടരുമ്പോൾ ജില്ല ഒന്നാകെ അടച്ചിട്ട നടപടിക്കെതിരെ വിമർശനങ്ങളും ഉയര്‍ന്നിരുന്നു. എല്ലാത്തിലുമുപരി ഓൺലൈൻ ക്ലാസുകൾ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ല എന്ന വിലയിരുത്തലും ജനങ്ങൾക്കിടയിലുണ്ട്.
മുമ്പും ഇളവുകള്‍:മാത്രമല്ല കഴിഞ്ഞദിവസം വടകര താലൂക്കിലെ മുഴുവൻ കണ്ടെയ്ൻമെന്റ് സോണുകളും ഒഴിവാക്കിയിരുന്നു. എന്നാൽ പോസിറ്റീവായവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്‍റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്‍റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്‍റൈനിൽ തുടരേണ്ടതാണെന്നും അറിയിപ്പുണ്ടായിരുന്നു. ഇതോടൊപ്പം ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 5 വാർഡുകളിലും നിയന്ത്രണങ്ങളിൽ ഇളവും അനുവദിച്ചിരുന്നു.
ഇതുപ്രകാരം കണ്ടൈൻമെന്‍റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ തുടർന്ന് പ്രവർത്തിപ്പിക്കാമെന്നും കണ്ടൈൻമെന്‍റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാമെന്നും ജില്ല ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരുമെന്നും അറിയിപ്പുണ്ടായിരുന്നു.
അതേസമയം സമ്പർക്ക പട്ടികയിലുളള ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്‍റൈനിൽ കഴിയേണ്ടതുമാണെന്ന് ജില്ല കലക്‌ടർ അറിയിച്ചിരുന്നു. നിപ ജാഗ്രതയെ തുടർന്ന് സൂചന നാല് പ്രകാരം പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും കലക്‌ടറുടെ മുന്‍ ഉത്തരവിലുണ്ടായിരുന്നു.