കോഴിക്കോട് : നിപ (Nipah) രോഗ ബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി (Nipah Test Results) ആരോഗ്യമന്ത്രി വീണ ജോർജ്. നിപ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റി.
നേരത്തെ നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജില്ല കലക്‌ടർ ഉത്തരവിറക്കിയിരുന്നു (Relaxations In Containment Zones ). കടകൾ രാത്രി 8 വരെയും ബാങ്കുകൾ 2 മണി വരെയും പ്രവർത്തിക്കാൻ അനുമതി നൽകി. ആദ്യം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് അനുവദിച്ചത്. മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. കൂടാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്.
പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകളിൽ ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George on Nipah Spread) വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ അന്ന് മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയിലെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ തീരുമാനമായി. ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 1,298 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് ക്ലാസ് ലഭിക്കുന്നത്. കുട്ടികൾ വെറുതെ വീട്ടിലിരിക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് (Muhammad Riyas) പറഞ്ഞു. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട വിവരങ്ങൾ അവലോകനം ചെയ്‌തു.