കോഴിക്കോട് :നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം (Nipah Restrictions Kozhikode). 10 ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി (Nipah spread in Kozhikode). വിവാഹ സത്‌കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരമാവധി ആളുകളെ ചുരുക്കണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (സെപ്‌റ്റംബര്‍ 14) നാളെയും (സെപ്‌റ്റംബര്‍ 15) അവധി പ്രഖ്യാപിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George), കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ (AK Saseendran), അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil), ജില്ല കലക്‌ടർ എ ഗീത ഐഎഎസ് (A Geetha IAS) എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേരുകയും ജില്ലകള്‍ക്ക് നിപയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.
മെഡിക്കല്‍ കോളജിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗവും ചേര്‍ന്നിരുന്നു.
നിപ വൈറസ് വ്യാപനം (Nipah Virus Spread) പ്രതിരോധിക്കുന്നതിനായി 19 കമ്മിറ്റികൾ രൂപീകരിച്ചാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 706 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 77 പേർ അതീവ ജാഗ്രത സമ്പർക്ക പട്ടികയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു (Veena George On Nipah Spread).