കോഴിക്കോട് : നിപ ബാധിച്ച് ചികിത്സയിലിരിക്കെ 12 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലയിൽ അതീവ ജാഗ്രത. വൈറസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍, ആളുകളെ പ്രവേശിപ്പിക്കാന്‍ മെഡിക്കൽ കോളജിലെ പേ വാർഡ് നിപ ബ്ലോക്കാക്കി മാറ്റി.
വിഷയം വിലയിരുത്താൻ കേന്ദ്ര ആരോഗ്യവിദഗ്‌ധരുടെ സംഘം ഉടന്‍ കോഴിക്കോട്ടെത്തുമെന്നാണ് വിവരം. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. പനി, ചർദി തുടങ്ങിയ ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശമുണ്ട്.
12 മണിക്ക് ഉന്നതതലയോഗം
സമീപ ജില്ലകളായ കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലും ജാഗ്രത നിർദേശമുണ്ട്. മരിച്ച 12 കാരന്‍റെ സംസ്‌കാരം ഉൾപ്പെടെയുള്ളവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാന്‍ തയ്യാറാക്കുകയും ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും.