കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം സംശയിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എൻഐഎ റെയ്‌ഡ്. സംഭവത്തില്‍ മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ പൗലോസ് എന്നിവരെ പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂരിൽ നിന്നും ഓൺലൈന്‍ മാധ്യമ പ്രവർത്തകനായ അഭിലാഷ് പടച്ചേരിയെ കോഴിക്കോട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലന്‍റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എൻഐഎ അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം; കോഴിക്കോടും മലപ്പുറത്തും എൻഐഎ റെയ്‌ഡ്, മൂന്ന് പേർ കസ്റ്റഡിയില്‍
രണ്ട് വയനാട് സ്വദേശികളും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.
ചെറുകുളത്തൂർ പരിയങ്ങാട്ടെ വാടക വീട്ടിൽ വെള്ളിയാഴ്‌ച രാവിലെയാണ് എന്‍ഐഎ റെയ്‌ഡ് നടത്തിയത്. പ്രദേശത്ത് ട്യൂഷൻ സെന്‍റര്‍ നടത്തുന്ന വയനാട് സ്വദേശികളായ എൽദോ, ബിജിത്ത് എന്നിവരെ വീട്ടിലെത്തിയ എൻഐഎ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശി സജിത്ത് സ്ഥലത്തില്ല. വീടും പരിസരവും പരിശോധിച്ച സംഘം ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വയനാട്ടിൽ കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരൻ സി.പി റഷീദിന്‍റെ വീട്ടിലും പരിശോധന നടത്തി. ഒന്‍പത് മൊബൈൽ ഫോൺ, രണ്ട് ലാപ്പ്ടോപ്പ്, ഇ റീഡർ, ഹാർഡ് ഡിസ്ക്, സിം കാർഡുകൾ, മെമ്മറി കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.