കോഴിക്കോട്:പാകിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്. കേരളത്തിൽ കോഴിക്കോടാണ് റെയ്‌ഡ് നടന്നത് (NIA Raid at Kozhikode in Terror Module Case). പാക് പിന്തുണയുള്ള ഗസ്‌വ ഇ ഹിന്ദ് (Ghazwa e Hind) എന്ന സംഘടന ആസൂത്രണം ചെയ്‌ത ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബീഹാറിൽ എടുത്ത കേസിലാണ് പരിശോധനകൾ നടന്നത്.
കോഴിക്കോട് കൂടാതെ മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഥ്, ഉത്തർപ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. റെയ്‌ഡിൽ നിരവധി നിർണായക രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ശക്തികളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് റെയ്‌ഡിൽ കണ്ടെത്തിയെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യയില്‍ ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടനയുടെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീച്ച് പ്രവർത്തനം നടത്തിയതിന് കഴിഞ്ഞ വർഷം പട്‌നയിൽ നിന്ന് ഒരാൾ അറസ്റ്റിലായിരുന്നു. താഹിർ എന്ന മർഗൂബ് അഹമ്മദ് ഡാനിഷിഷ് (Marghoob Ahmad Danish) എന്നയാളാണ് അറസ്റ്റിലായത്. ഒരു പാകിസ്ഥാൻ പൗരൻ സൃഷ്‌ടിച്ച ഗസ്‌വ ഇ ഹിന്ദ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനായിരുന്ന ഇയാൾ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായും, യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായും കണ്ടെത്തി. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങൾ പ്രകാരമാണ് ഇപ്പോൾ കേരളത്തിലടക്കം റെയ്‌ഡ് നടന്നത്.