കോഴിക്കോട് : ഓണമുണ്ണാൻ ഇത്തവണ തിക്കോടിക്കാർക്ക് സ്വന്തം അരിയുണ്ട്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ നല്ല പുത്തരി ചോറുണ്ണാം. മാത്രമല്ല, കതിരണി പദ്ധതിയിലൂടെ വിളയിച്ച 'നടയകം' എന്ന സ്വന്തം ബ്രാന്‍ഡ് അരി വിപണിക്കും പരിചയപ്പെടുത്തിയാണ് തിക്കോടിക്കാരുടെ ഈ ഓണം.
സ്വന്തം ബ്രാന്‍ഡ് അരി 'നടയകം' റെഡി ; തിക്കോടിക്കാര്‍ക്ക് ഇത് സമൃദ്ധിയുടെ ഓണം തിക്കോടി പഞ്ചായത്തും കൃഷി വകുപ്പും കൈകോര്‍ത്ത് ജില്ല പഞ്ചായത്തിന്റെ കതിരണി പദ്ധതിയിലുള്‍പ്പെടുത്തി പുറക്കാട് നടയകം പാടശേഖരത്തിൽ കൃഷിചെയ്ത നെല്ലാണ് ‘നടയകം’ എന്ന പേരിൽ അരിയായെത്തുന്നത്. 25 ശതമാനം തവിട് കളഞ്ഞ ഗുണമേന്മയുള്ള നാടൻ പുഴുങ്ങലരിയാണ് 'നടയകം'. നടയകത്തെ 30 ഏക്കർ സ്ഥലത്താണ് ഉമ നെൽവിത്ത് കൃഷിചെയ്തത്. കാലംതെറ്റി പെയ്ത മഴ കൃഷിയുടെ സിംഹഭാഗത്തേയും മുക്കിക്കളഞ്ഞെങ്കിലും അവശേഷിക്കുന്ന നെല്ല് അരിയാക്കി മാറ്റുകയായിരുന്നു.
കണ്ണൂർ പഴയങ്ങാടിയിലെ മില്ലിലെത്തിച്ചാണ് നെല്ല് പുഴുങ്ങി തവിട് കളഞ്ഞ് അരിയാക്കി മാറ്റിയത്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള ഒരു മില്ല് ഇല്ലാഞ്ഞത് ചെലവ് വർധിക്കാൻ കാരണമായി. അതേസമയം, ജില്ലയിൽ ആദ്യമായാണ് കതിരണി പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് അരി ഇറക്കുന്നത്. തിക്കോടി പഞ്ചായത്തിന്റെ സഹകരണത്തോടെ നടയകം പാടശേഖര സമിതിയാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതും.
പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിലുള്ളവർക്ക് അരി ലഭ്യമാക്കി തുടങ്ങി. രണ്ട്, രണ്ടര, അഞ്ച് കിലോ പാക്കറ്റുകളിലാക്കിയാണ് നിലവില്‍ അരി വിൽപന. പഞ്ചായത്ത് യൂണിറ്റിലൂടെയും ഓണ ചന്തയിലൂടെയും പൊതുജനങ്ങൾക്ക് 'നാടിന്‍റെ നന്മയുള്ള' ഈ അരി വാങ്ങാം. മാത്രമല്ല, കതിരണി പദ്ധതിക്കായി ജില്ലയിലെ തരിശുനിലങ്ങൾ പച്ചപിടിച്ചതും കാര്‍ഷിക മേഖലക്ക് വലിയ നേട്ടമായി. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികളും അതിഥി തൊഴിലാളികളും കൂട്ടത്തോടെ പാടത്തേക്കിറങ്ങി. ഇവരുടെ ശ്രമഫലമായി രണ്ടര പതിറ്റാണ്ടിനുശേഷം തിക്കോടി നടയകം പാടശേഖരം വീണ്ടും കതിരണിഞ്ഞു. എല്ലാറ്റിനുമപ്പുറം സമൃദ്ധിയുടെ ഓണക്കാലത്തിന് തൂശനിലയില്‍ മനം നിറഞ്ഞുണ്ണാന്‍ സ്വന്തം പുത്തരിയുമായി.