കോഴിക്കോട്: പാലാ ഉൾപ്പെടെ നാല് സീറ്റിലും എൻ.സി.പി. മത്സരിക്കുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്റര്‍. ഒരു സീറ്റ് പോലും വിട്ട് നൽകില്ലെന്നും വിജയിച്ച സീറ്റ് തിരിച്ചുകൊടുക്കണമെന്നു പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉൾപ്പെടെ നാല് സീറ്റിലും എൻ.സി.പി. മത്സരിക്കും: ടി.പി. പീതാംബരൻ
യുവാക്കൾക്ക് അവസരം നൽകണമെന്ന അഭിപ്രായം എൻ.സി.പിയിലുമുണ്ടെന്നും ടി.പി. പീതാംബരൻ പറഞ്ഞു
പാലാ സീറ്റ് 20 വർഷമായി പാർട്ടിയുടെ സീറ്റാണ്. അത് വിട്ടുകൊടുക്കാനാകില്ല. സിറ്റിങ്ങ് സീറ്റ് വിട്ടുകൊടുക്കുന്ന പതിവ് ഇടതു മുന്നണിയിലില്ല. പുതിയ പാർട്ടി മുന്നണിയിൽ വന്നാൽ എൻ.സി.പി. മാത്രം വിട്ടുവീഴ്‌ച ചെയ്യണമെന്ന നിലപാട് ശരിയല്ല. പാലാ സീറ്റ് വിട്ടുകൊടുക്കുന്നത് ജയിച്ചവരെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്തിപൂർവ്വമായ തീരുമാനം ഇടതു മുന്നണി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവാക്കൾക്ക് അവസരം നൽകണമെന്ന അഭിപ്രായം എൻ.സി.പിയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർക്കുന്നത് സ്വന്തം ശക്തി തെളിയിക്കാനല്ലെന്നും സി.എച്ച് ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചത് ഔദ്യോഗിക നിർദ്ദേശ പ്രകാരമല്ലെന്നും ടി.പി. പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.