കോഴിക്കോട്: നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്‍റെ ചില്ലുകൾ മാറ്റി (Navakerala bus glasses replaced). നവകേരള സദസിന്‍റെ യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിർമിച്ച് എത്തിച്ച ബസിന്‍റെ ചില്ലുകളാണ് ഓട്ടം തുടങ്ങി ഒരാഴ്‌ച കഴിഞ്ഞപ്പോൾ മാറ്റി വച്ചത്. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്‌ചകളും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണുന്നതിന് വേണ്ടിയാണ് ചില്ലുകൾ മാറ്റിയത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
വെള്ളിയാഴ്‌ച (നവംബർ 24) രാത്രി വടകരയിലെ നവകേരള സദസിന് ശേഷം കോഴിക്കോട്ടെ കെഎസ്ആർടിസി റീജിയണൽ വർക്‌ഷോപ്പിൽ എത്തിച്ചാണ് ചില്ല് മാറ്റിയത്. രാത്രി 10 മണിക്ക് ശേഷം ആറ് വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ എന്നും ആരോപണമുണ്ട്.
ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്‍റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു.
ബസ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ ചളിയിൽ താഴ്ന്നിരുന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്‌ന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിൽ എത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്‍റെ അടുത്ത് കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്.
Also read:'ചതിച്ചാശാനെ ചതിച്ച്', നവകേരള ബസ് ചെളിയില്‍ പുതഞ്ഞു; കെട്ടിവലിച്ച് പൊലീസും നാട്ടുകാരും