കോഴിക്കോട് :ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ എയറോഅൺവയർഡ് ക്ലബിന്‍റെ ഭാഗമായ ഒമ്പത് വിദ്യാർഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു (National Achievement For NITC Calicut Students). മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് എൻഐടിസി വിദ്യാർഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത് (NITC Students Developing Drones For Medical Emergencies).
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് (SAE) ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്‍റ് 2023 മത്സരത്തിൽ ആണ് എൻഐടിസി യിലെ എയറോമോഡലിംഗ് ക്ലബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്.
ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി 42 ടീമുകൾ പങ്കെടുത്തിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷ സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയം നിയന്ത്രിത ഡ്രോൺ ആണ് മത്സരത്തിന്‍റെ നിർദേശങ്ങൾക്കനുസൃതമായി തങ്ങൾ വികസിപ്പിച്ചെടുത്തത് എന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു.
മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വയം നിയന്ത്രണശേഷിയുള്ള ഡ്രോൺ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്നതായിരുന്നു എസ്എഇ നടത്തിയ മത്സരത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുഷ് സിങ്, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിങ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുൺ എസ്.കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ വിജയികളായത്. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റ് ചെയ്‌ത റോട്ടറി വിങ് ഡ്രോൺ എന്ന ആശയം ഉൾക്കൊള്ളാനും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരം നൽകുന്നതിനായാണ് സംഘാടകർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.