കോഴിക്കോട്: കോഴിക്കോട് ലഹരി വേട്ട. 36 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് മെഡിക്കൽ കോളജ് പൊലീസും ഡിസ്ട്രിക്ട് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡൻസാഫ്) ചേർന്ന് പിടികൂടുകയായിരുന്നു.
കോഴിക്കോട് നഗരത്തിൽ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോർജ്ജിന്‍റെ നിർദ്ദേശത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ എസിപി രജികുമാറിന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫും ലോക്കൽ പൊലീസും പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെയും കോഴിക്കോട് നഗരത്തിലെ ലോഡ്ജുകളും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്ഐ ടോണി ജെ മറ്റത്തിന്‍റെ നേതൃത്വത്തിൽ പൊലീസും ഡൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൂടുതലായും നഗരത്തിൽ എത്തുന്നത് . ഡി ജെ പാർട്ടികളിലും മറ്റും പങ്കെടുക്കാൻ പോകുന്നവർ അവിടെ വെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും പെട്ടന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗമെന്ന രീതിയിൽ പലരും ഏജന്റുമാരായി മാറുകയുമാണെന്ന് പൊലീസ് പറയുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെയും തേടി വരുമെന്നതാണ് ഈ ഡ്രഗിന്‍റെ പ്രത്യേകത.
കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിൽ മൂന്ന് കേസുകളിലായി 21 കിലോഗ്രാമിലധികം കഞ്ചാവും അഞ്ച് ഗ്രാമോളം എംഡിഎംഎയും ഡാൻസാഫും സിറ്റി പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു. പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എംഎൽ ബെന്നി ലാലു അറിയിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.