കോഴിക്കോട്: നാദാപുരം തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി വ്യാപാരി എം.ടി.കെ. അഹമ്മദ് വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് വീട്ടിലെത്തിയത്. തട്ടിക്കൊണ്ട് പോയവർ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് ഇറക്കിവിടുകയായിരുന്നു. പിന്നീട് രാമനാട്ടുകര ബസ് സ്‌ന്‍റാൻഡിൽ എത്തി ബസ് മാർഗ്ഗം കോഴിക്കോടും പിന്നീട് കൈനാട്ടിയിലും എത്തുകയായിരുന്നു. ഇതിനിടെ വിവരം ടാക്സി ഡ്രൈവറിൽ നിന്ന് ഫോൺ വാങ്ങി അഹമ്മദ് ബന്ധുക്കളെ വിവരം അറിയിച്ചു. വീട്ടിലെത്തിയ അഹമ്മദ് ക്ഷീണിതനാണെന്നും ചൊവ്വാഴ്ച്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും റൂറൽ പൊലീസ് സൂപ്രണ്ട് ഡോ.എ ശ്രീനിവാസൻ പറഞ്ഞു.
ദുരൂഹതകൾ ബാക്കി: തട്ടിക്കൊണ്ട് പോയ പ്രവാസി വ്യവസായി വീട്ടിൽ തിരിച്ചെത്തി - നാദാപുരം വാർത്തകൾ
അഹമ്മദിനെ കാണാതായി മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്.
അഹമ്മദിനെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ നിസ്ക്കാരത്തിന് സ്ക്കൂട്ടറിൽ സഞ്ചരിക്കവെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. അഹമ്മദിനെ കണ്ടെത്താൻ തിങ്കളാഴ്ച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയുണ്ടായിരുന്നു. അന്വേഷണ സംഘം ജില്ലക്ക് പുറത്തും ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
സംസ്ഥാന എ.ടി.എസ് വിഭാഗവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് വന്ന ഫോൺ സന്ദേശം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും കൂടുതൽ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് പൊലീസ്.