കോഴിക്കോട്: കൊവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷത്തിലുള്ളവരുടെ എണ്ണം 135 ലേക്ക് കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലോകത്തിന്‍റെ പല ഭാഗത്തും രോഗം നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും മുന്നറിയിപ്പുകളെ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. നാദാപുരം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊവിഡ് 19; കേരളത്തില്‍ ഇനി നിരീക്ഷത്തിലുള്ളത് 135 പേര്‍ - New Block Inauguration
നാദാപുരം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
'ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഇവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത്. ഈ സാഹചര്യത്തില്‍ കേരളം കൊവിഡ്-19 വിമുക്തമെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ല. വിമാനത്താവളങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ 24 മണിക്കൂറും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത് സാഹസവും പണചെലവേറിയതാണെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വരുമാനം കുറവുളള കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കേരളത്തില്‍ 2018 മുതല്‍ ആരംഭിച്ച ആരോഗ്യ ജാഗ്രതാ ക്യാമ്പയിനിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫലം കണ്ട് തുടങ്ങിയിരുന്നു. നിപ പോലുള്ള മഹാമാരികളെ മാറ്റിയെടുക്കാനായത് ഇതുമൂലമാണെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ഓരോ പഞ്ചായത്തും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംപി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ഡിഎംഒ ഡോ.ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.