കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പിൻ്റെ അന്വേഷണം പൂർത്തിയായി. വകുപ്പുതല അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഉടൻ കൈമാറും. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
സംഭവത്തിൽ റവന്യൂ - വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വനം വകുപ്പ് സെക്രട്ടറി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അന്ന് പ്രതികരിച്ചത്. അതേസമയം വനംകൊള്ളയിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
അന്വേഷണം മുറുകുന്നതിനിടെ വനംവകുപ്പില്‍ വലിയ തരത്തിലുള്ള അസ്വാരസ്യങ്ങളും ചേരിതിരിവും തുടരുകയാണ്. മരം മുറി നടന്നത് റവന്യൂ ഭൂമിയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ വനം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.