കോഴിക്കോട് :പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ രംഗത്ത്. സഭയുടെ തലപ്പത്തുള്ള ഒരു മതനേതാവ് ഇത്തരത്തിൽ അപക്വമായ പ്രസ്‌താവനകൾ നടത്താൻ പാടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം സംഘടനകളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പ് പ്രസ്‌താവനയിലൂടെ മുസ്ലിം സമുദായത്തെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് സാമുദായിക ഐക്യവും മതേതരത്വവും ഇല്ലാതാക്കും. വിഷയത്തിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നാണ് ആവശ്യം. അതേസമയം ഒരു മുസ്ലിം സംഘടനയും ബിഷപ്പിന്‍റെ പരാമർശത്തിൽ അപക്വമായ പ്രതികരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13 മുസ്ലിം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.