കോഴിക്കോട്:മുസ്‌ലീം ലീഗിലെ ഹരിത 'വിപ്ലവ'ത്തിൽ വെടി നിർത്തൽ. ആരോപണവിധേയരും പരാതിക്കാരുമായി മുസ്‌ലിം ലീഗ് നേതാക്കൾ ബുധനാഴ്ച രാത്രി 12 മണി വരെ നടത്തിയ മാരത്തൺ സന്ധിസംഭാഷണം ഫലം കണ്ടു. സഭ്യേതര പരാമർശം നടത്തിയ MSF നേതാക്കൾ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തും. MSF നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാൻ ലീഗ് നേതാക്കള്‍ നിര്‍ദേശിച്ചു. ഹരിതയുടെ പ്രവർത്തനം തുടരാൻ അനുവദിക്കും.
എം.കെ മുനീർ, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുരഞ്ജന ചർച്ച. ചർച്ചക്കെത്തിയ MSF സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് വനിത നേതാക്കളോട് പരുഷമായി ഇടപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരം. ലീഗ് ഉടമ്പടിയോട് വനിത നേതാക്കൾ പ്രതികരിക്കാനും തയാറായിട്ടില്ല.
ഓഗസ്റ്റ് 13നാണ് എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിത വിഭാഗമായ 'ഹരിത'യുടെ നേതാക്കള്‍ വനിത കമ്മിഷന് പരാതി നല്‍കിയതിൻ്റെ വിശദാംശങ്ങൾ പുറത്ത് വന്നത്. കോഴിക്കോട് നടന്ന യോഗത്തിനിടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ല പ്രസിഡന്‍റ് കബീർ മുതുപറമ്പ്, മലപ്പുറം ജില്ല ജന. സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർ വനിത നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് പത്തോളം നേതാക്കള്‍ പരാതി നല്‍കിയത്.