കോഴിക്കോട്:മുസ്‌ലിം ലീഗില്‍പ്രസിഡന്‍റായി സാദിഖലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സിടി അഹമ്മദ് അലിയും തുടരും. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം അടക്കമുള്ള നേതാക്കന്മാര്‍ പിഎംഎ സലാം തന്നെ തുടരുന്നതിനുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു.
എംകെ മുനീറിനെ ജനറല്‍ സെക്രട്ടറി ആയി പരിഗണിക്കണമെന്ന് ചില നേതാക്കളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി നേതാക്കള്‍ക്ക് ഇടയില്‍ നേരത്തെ പല ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതോടെ പാണക്കാട്ടേക്ക് നേതാക്കളെ വിളിച്ച് വരുത്തിയ തങ്ങള്‍ ഇത് പാര്‍ട്ടി നിലപാടല്ലെന്നും അത് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഇത്തരം മത്സരങ്ങളുടെ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിലും മുസ്‌ലിം ലീഗിൽ വീണ്ടും സർവാധിപത്യം പുലര്‍ത്തി തന്നെ പികെ കുഞ്ഞാലിക്കുട്ടി തുടരും. എം.പി ആയതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താനും നരേന്ദ്ര മോദിക്കെതിരെ ശബ്‌ദം ഉയർത്താനുമാണ് കുഞ്ഞാലിക്കുട്ടി രാജ്യ തലസ്ഥാനത്തേക്ക് പോയത്. ഇവിടെ കാര്യങ്ങൾ ഏൽപ്പിച്ചത് പിഎംഎ സലാമിനെയും. എന്നാൽ ഡൽഹിയിൽ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ലെന്ന് മാത്രമല്ല പകുതി വഴിയിൽ കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെ പണി ഉപേക്ഷിക്കുകയായിരുന്നു.
മലപ്പുറത്തേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ചെറിയൊരു മന്ത്രി പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാറിന് ജനങ്ങൾ തുടര്‍ ഭരണം നൽകിയതോടെ കുഞ്ഞാലിക്കുട്ടി അടവ് മാറ്റി. പി എം എ സലാമിനെ മുൻനിർത്തി മുന്നോട്ട് പോകാനൊരുങ്ങിയപ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കെ.എം ഷാജിയും എം കെ മുനീറും കെ.എസ് ഹംസയും അടങ്ങുന്ന ഒരു വിഭാഗം കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനങ്ങൾ പരസ്യമാക്കി. ഹംസയെ വേരോടെ പിഴുത് കളഞ്ഞപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാജി കേസിന്‍റെ പിടിയിലുമായി. പരസ്യ നിലപാടുകളിൽ മിതത്വം പാലിക്കാനേ എം.കെ മുനീറിനും ഇ.ടി മുഹമ്മദ് ബഷീറിനും കഴിഞ്ഞുള്ളൂ.
ഇതിനെല്ലാം തുടക്കമിട്ടത് 'ചന്ദ്രിക' വിവാദമായിരുന്നു. ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങളാണ് ഇക്കാര്യം ഉയര്‍ത്തി കാട്ടിയത്. കാലാകാലങ്ങളായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന തങ്ങളുടെ പ്രതികരണം ലീഗിനെ നിശ്‌ചലാവസ്ഥയിലാക്കിയിരുന്നു. എന്നാൽ അവിടെയും പോംവഴി കണ്ടെത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
സാദിഖലി തങ്ങൾ പ്രസിഡന്‍റായതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനൊപ്പം കേരളം ഒന്നടങ്കം യാത്ര നടത്തി. പാർട്ടി ഘടകങ്ങളിൽ മെമ്പർഷിപ്പ് വർധിപ്പിക്കാനും ഉറങ്ങിക്കിടന്ന ശാഖകളെ പുനരുജ്ജീവിപ്പിക്കാനും ആ യാത്രയിലൂടെ കഴിഞ്ഞു. നവംബർ മാസത്തിൽ തുടങ്ങിയ മെമ്പർഷിപ്പ് വിതരണത്തിലൂടെ 5 ലക്ഷം പേരെ അധികമായി ചേർക്കാൻ കഴിഞ്ഞു.
ഹദിയ പിരിവിലൂടെയും ചന്ദ്രിക കാമ്പയിനിലൂടെയും വലിയൊരു സംഖ്യ പാർട്ടിക്കായി കണ്ടെത്തി. പാർട്ടിയെ മുന്നോട്ട് നയിക്കാന്‍ ഫണ്ട് നിർബന്ധമാണെന്നും അത് സ്വരൂപിക്കാൻ തനിക്ക് കഴിയുമെന്നുെ കേരളത്തിൽ സജീവമായ നേതാവ് കുഞ്ഞാലിക്കുട്ടി തെളിയിച്ചു. മുസ്‌ലിം ലീഗ് വഴി എല്ലാം സംസാരിച്ചിരുന്നു സമസ്‌തയുടെ ഇടച്ചിലും തുടര്‍ നീക്കങ്ങളും വലിയ ചർച്ചയായിരുന്നു.
വക്കഫ് ജൻഡർ ന്യൂട്രാലിറ്റി വിഷയം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള നീക്കങ്ങളായിരുന്നു സമസ്‌തയുടേത്. മുഖ്യമന്ത്രിയുടെ വിശ്വാസം കണ്ടെത്തിയ സമസ്‌തയ്‌ക്ക് എതിരെ മുസ്‌ലിം ലീഗ് ജനങ്ങളെ അണിനിരത്തി ശക്തി തെളിയിച്ചു. ആ സമയത്തും കുഞ്ഞാലിക്കുട്ടി സമസ്‌തയ്‌ക്ക് ഒപ്പമായിരുന്നു.
ഇക്കാലമത്രയും സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊന്നും കുഞ്ഞാലിക്കുട്ടി മുതിര്‍ന്നില്ല. ഇത് കുഞ്ഞാലിക്കുട്ടിയുടെ മികച്ച തന്ത്രങ്ങളില്‍ ഒന്നായിരുന്നു.സമസ്‌തയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തനിക്കും താത്‌പര്യമുണ്ട് എന്ന് തെളിയിക്കാനായിരുന്നു അത്. എന്നാല്‍ സമസ്‌ത ഇടഞ്ഞതോടെ കൂടുതല്‍ സന്തോഷിച്ച കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കും പക്ഷേ ഒരു തുടർ ആശ്വാസം ലഭിച്ചില്ല.
നിലവിലെ ജനറൽ സെക്രട്ടറിയെ അംഗീകരിക്കാത്ത സമസ്‌തയ്ക്ക് കുഞ്ഞാലിക്കുട്ടി ഇപ്പോഴും അഭിമതനാണ്. അവസാനം സമസ്‌തയുമായി ഇടഞ്ഞ സിഐസി ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹക്കീം ഫൈസി അദൃശേരിയെ കൊണ്ട് രാജി സമര്‍പ്പിച്ചതിലും കുഞ്ഞാലിക്കുട്ടിയുടെ ചുവട് വയ്‌പ്പ് വിജയിച്ചു.