കോഴിക്കോട്: കസ്‌തൂരിയുമായി മൂന്ന് പേർ കോഴിക്കോട് വനം വിജിലൻസ് വിഭാഗത്തിന്‍റെ പിടിയിൽ. ഫോറസ്റ്റ് വിജിലൻസ് വിഭാഗം എപിസിസിഎഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം ടി ഹരിലാലിന്‍റെ നിർദേശാനുസരണം കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസറും ഫോറസ്റ്റ് ഇന്‍റലിജിൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കസ്‌തൂരി പിടികൂടിയത്.
കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളി ഐഡിബിഐ ബാങ്കിന് മുൻവശത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് സാഹസികമായാണ് കസ്‌തൂരി സഹിതം പ്രതികളെ പിടികൂടിയത്. കസ്‌തൂരി മാനിൽ നിന്നും ശേഖരിച്ച കസ്‌തൂരി വില്‍പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പന്തീരാങ്കാവ് സ്വദേശി അബ്‌ദുല്‍ സലാം, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂർ സ്വദേശി മുസ്‌തഫ എന്നിവർ വനംവകുപ്പിന്‍റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന കസ്‌തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്‌തൂരി ശേഖരിക്കുന്നത്.
മൂന്ന് വർഷം മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസർ പി പ്രഭാകരന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എബിൻ എ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ് കുമാർ, വബീഷ് എം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആസിഫ് എ, മുഹമ്മദ് അസ്‌ലം സി, ശ്രീലേഷ് കുമാർ, ശ്രീനാഥ് കെ വി, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട വനംവകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസ് തുടർ നടപടികൾക്കായി താമരശ്ശേരി റെയിഞ്ച് ഓഫിസിലേക്ക് കൈമാറും.
കസ്‌തൂരി വില്‍പനക്കിടെ നാലു പേര്‍ പിടിയില്‍:വീട്ടില്‍അനധികൃതമായി കസ്‌തൂരി വിൽപന നടത്തുന്നതിനിടെ ആലുവയില്‍ നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തിരുന്നു. വിൽപനക്കായി എത്തിച്ച 20 ലക്ഷം രൂപ വിലവരുന്ന കസ്‌തൂരിയും ഇവരിൽ നിന്ന് കണ്ടെടുത്തു. ആലുവ ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ വീട്ടിൽ വച്ച് കസ്‌തൂരി വിൽപന നടത്തുന്നതിനിടെയാണ് വീട്ടുടമ അടക്കം നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയത്.
വീട്ടുടമ പുത്തൻതോട് സ്വദേശി ശിവജി, ഒല്ലൂർ സ്വദേശി വിനോദ്, ചെങ്ങമനാട് സ്വദേശി അബൂബക്കർ, മാള സ്വദേശി സുൽഫി എന്നിവരാണ് അറസ്റ്റിലാത്. ചൊവ്വാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ, ഏഴാറ്റുമുഖം വനംവകുപ്പുകളിലെ ഇരുപതോളം ഉദ്യോഗസ്ഥർ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ശിവജിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.