കോഴിക്കോട് :പുനഃസംഘടനയെ ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ് 'യുദ്ധ'ത്തിനിടെ 'വെടിനിർത്തലു'മായി രമേശ് ചെന്നിത്തലയും കെ മുരളീധരനും. കെ. കരുണാകരന്‍റെ മകനും അരുമ ശിഷ്യനും ശത്രുക്കളായി നിൽക്കേണ്ടവരല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഐക്യപ്പെടൽ. കെ സുധാകരനും വി ഡി സതീശനും തലപ്പത്തേക്ക് വന്നതിന് പിന്നാലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറയുന്ന കാഴ്ചയായിരുന്നു. ഇതിനിടയിലാണ് ഐ ഗ്രൂപ്പിൽ ഒന്നിച്ചായിരുന്ന രമേശും മുരളിയും വീണ്ടും കൈകോർക്കുന്നത്.
വി.ഡി സതീശന്‍-കെ സുധാകരന്‍ നേതൃത്വത്തോട് ഐക്യപ്പെട്ടാണ് മുരളിയുടെ മുന്നോട്ട് പോക്കെങ്കിലും അർഹമായ പരിഗണന ലഭിക്കാത്തതില്‍ അതൃപ്‌തനാണ്. അതേസമയം ഗ്രൂപ്പില്ല എന്ന് പറയുന്ന ഇവരിൽ നിന്ന് അകലാതെയാണ് മുരളി ചെന്നിത്തലയോട് വീണ്ടും അടുക്കുന്നത്. കരുണാകരന്‍റെ അനുയായികളെല്ലാം ഒരുമിച്ച് നിൽക്കുകയെന്ന ആശയമാണ് ഇരുനേതാക്കളും മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ പഴയ ഐ വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
എന്നാൽ എഐസിസിയേയും കെപിസിസിയേയും അലോസരപ്പെടുത്തുന്ന തരത്തിൽ വീണ്ടും ഗ്രൂപ്പ് കളി തുടങ്ങിയാൽ എല്ലാം അട്ടിമറിയും. തൃശൂരിൽ വി.ബാലറാം പുരസ്കാരം ചെന്നിത്തലയിൽ നിന്ന് മുരളി ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി നടന്ന ദീർഘമായ ചർച്ചയിലാണ് ഇരു നേതാക്കളും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ചെന്നിത്തലയ്‌ക്കൊപ്പം ഒരു കാലത്ത് 'ഐ' ഗ്രൂപ്പിൽ ഉണ്ടായിരുന്നവരാണ് കെ സുധാകരനും വി.ഡി സതീശനും.