കോഴിക്കോട്: വൈവിധ്യം നിറഞ്ഞ ചുമര്‍ചിത്ര പ്രദർശനവുമായി ചിത്രകാരി സനം ഫിറോസ്. ക്ഷേത്ര ചുമരുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മ്യൂറല്‍ പെയിന്‍റിങ്ങിനെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം. സംസ്ഥാന കരകൗശല കോർപ്പറേഷന്‍റെ കോഴിക്കോട് മലബാർ പാലസിലെ കൈരളി ഷോറൂമിലാണ് പ്രദർശനം നടക്കുന്നത്. മുള, ചിരട്ട ,മൺപാത്രങ്ങൾ എന്നിവയിൽ പെയിന്‍റിങ് ചെയ്‌ത ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വസ്‌ത്രങ്ങളിലും മ്യൂറൽ പെയിന്‍റിങ് ചെയ്‌തുകൊടുക്കുന്നുണ്ട്.
ചുമര്‍ചിത്രങ്ങളുടെ സൗന്ദര്യവുമായി ചിത്രപ്രദര്‍ശനം - മ്യൂറൽ പെയിന്‍റിങ് പ്രദര്‍ശനം
ക്ഷേത്രത്തിന്‍റെ മതിൽക്കെട്ടിൽ ഒതുങ്ങിനിന്നിരുന്ന മ്യൂറൽ പെയിന്‍റിങ്ങിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മലബാർ പാലസിലെ കൈരളി ഷോറൂമിലാണ് പ്രദർശനം നടക്കുന്നത്.
പത്തുവർഷത്തോളമായി സനം ഫിറോസ് മ്യൂറൽ പെയിന്‍റിങ് ചെയ്യുന്നു. മ്യൂറല്‍ പെയിന്‍റിങ്ങുകൾക്ക് വില കൂടുതലാണെന്നത് കൊണ്ട് തന്നെ ഇവ വാങ്ങാൻ സാധാരണക്കാർക്ക് കഴിയാറില്ല. അതിനാല്‍ അവർക്ക് കൂടി വാങ്ങാൻ കഴിയുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങൾ മേളയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് അനുസരിച്ച് വിലക്കുറവില്‍ മ്യൂറൽ പെയിന്‍റിങ്ങുകള്‍ ചെയ്‌ത് കൊടുക്കാറുണ്ടെന്നും സനം പറയുന്നു. മൺപാത്രങ്ങളിലും മുളയിലും ചെയ്യുന്ന മ്യൂറൽ പെയിന്‍റിങ്ങുകൾക്ക് ആവശ്യക്കാരേറെയാണ്. കരകൗശല മേഖലയിലെ ആളുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പന നടത്തുന്നതിനായി എല്ലാ മാസവും കൈരളി ഷോറൂമിൽ ഇത്തരം പ്രദർശനങ്ങൾ നടത്താറുണ്ടെന്ന് മാനേജർ സി.കെ.ഗിരീശൻ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി ഏഴ് മണി വരെയാണ് മേള. ഈ മാസം മുപ്പതിന് ചിത്രപ്രദര്‍ശനം സമാപിക്കും.