കേരളം

kerala

ETV Bharat / state

ഗണേശ രൂപത്തില്‍ തുടങ്ങി ശ്രീകൃഷ്‌ണനിലേക്ക് നിറഞ്ഞ് സനം ഫിറോസിന്‍റെ ക്യാന്‍വാസുകള്‍ ; സൃഷ്‌ടികളിലൊന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിനും - മ്യൂറൽ ചിത്രകാരൻ

കോഴിക്കോട് സ്വദേശി സനം ഫിറോസ് മ്യൂറല്‍ ചിത്രകലയെ ജീവിത മാര്‍ഗമാക്കി ശ്രദ്ധനേടുകയാണ്. മാതാപിതാക്കളില്‍ നിന്നാണ് സനത്തിന് കല പകര്‍ന്ന് കിട്ടിയത്. വിവാഹ ശേഷം ഭര്‍ത്താവും മക്കളും പിന്തുണച്ചതോടെ വരയെ ഗൗരവമായി കാണുകയായിരുന്നു സനം

Mural paintings by Sanam Firoz  Mural artist Sanam Firoz Kozhikode  Sanam Firoz  Mural artist Sanam Firoz  Mural paintings  മ്യൂറല്‍ ചിത്രകല  സനം ഫിറോസ്  സനം ഫിറോസിന്‍റെ മ്യൂറല്‍ ചിത്രങ്ങള്‍  ക്ഷേത്ര കലയായ മ്യൂറൽ ചിത്രകല  കേന്ദ്ര ഗവൺമെന്‍റിന്‍റെ ആർട്ടിസാൻ ഐഡി കാർഡ്  ആർട്ടിസാൻ ഐഡി കാർഡ്  മ്യൂറൽ ചിത്രകാരൻ  മ്യൂറൽ ചിത്രകാരൻ സതീഷ് തായാട്ട്
ഗണപതിയെയും ശ്രീകൃഷ്‌ണനെയും വരച്ച് സനം ഫിറോസ്

By

Published : Mar 8, 2023, 11:04 AM IST

ഗണപതിയെയും ശ്രീകൃഷ്‌ണനെയും വരച്ച് സനം ഫിറോസ്

കോഴിക്കോട് : ക്ഷേത്രകല കൂടിയായ മ്യൂറൽ ചിത്രരചന ജീവിത മാർഗമാക്കിയ ഒരു മുസ്‌ലിം സ്ത്രീയെ പരിചയപ്പെടാം ഈ വനിതാദിനത്തില്‍. കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന സനം ഫിറോസ്. മാതാപിതാക്കളായ ഷബീർ ജാനിൽ നിന്നും സുഹറയിൽ നിന്നും പകർന്നുകിട്ടിയതാണ് സനത്തിന് കലാപാരമ്പര്യം. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്ന സനം, വിവാഹ ശേഷമാണ് അതിനെ ഗൗരവത്തിൽ എടുത്തത്.

മ്യൂറൽ ചിത്രകാരൻ സതീഷ് തായാട്ടിൽ നിന്ന് മൂന്ന് വർഷത്തോളം സമയമെടുത്താണ് ഈ രീതി പഠിച്ചെടുത്തത്. വീട്ടമ്മയിൽ നിന്ന് ചിത്രകാരിയിലേക്കുള്ള വഴിയിൽ അവർ പല മാധ്യമങ്ങളിലും വരച്ചുകൊണ്ടേയിരുന്നു. ഒപ്പം പരീക്ഷണങ്ങളും നടത്തി.

സ്ഥിരം ചട്ടക്കൂടിൽ നിന്നും ചിത്രങ്ങളെ മുളയിലും കളിമൺ പാത്രങ്ങളിലും ലാംബ് ഷെയ്‌ഡിലുമെല്ലാം സന്നിവേശിപ്പിച്ചു. സാരി, ചുരിദാർ, ഷർട്ട്, മുണ്ട്, തുടങ്ങിയവയില്‍ എല്ലാം ചിത്രങ്ങൾ ആലേഖനം ചെയ്‌തു.

ഗണേശ രൂപത്തില്‍ തുടങ്ങി ശ്രീകൃഷ്‌ണനിലേക്ക് :ഗണേശ രൂപത്തിൽ തുടങ്ങിയ വര പക്ഷേ ശ്രീകൃഷ്‌ണനിലേക്ക് എത്തിയപ്പോൾ അത് മറ്റൊരു തലത്തിലേക്ക് വളർന്ന് പന്തലിച്ചു. കൃഷ്‌ണൻ്റെ വിവിധങ്ങളായ രൂപഭാവങ്ങളെ സനം ആസ്വദിച്ചുവരച്ചു. മനസിന് വല്ലാത്തൊരു ഊർജം നൽകുന്നതാണ് കൃഷ്‌ണൻ്റെ സാമീപ്യം എന്ന് അവർ തിരിച്ചറിഞ്ഞു.

താൻ വരച്ച ഒരു ചിത്രം ഗുരുവായൂരിൽ സമർപ്പിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി അവർ കാണുന്നു. എന്നാൽ അതുവഴി ഒരു പ്രശസ്‌തിയും അവർ ആഗ്രഹിക്കുന്നില്ല. ഓരോ രചനയിലും വ്യത്യസ്‌തത എന്നതാണ് മുഖമുദ്ര.

ഇതിനെല്ലാം അപ്പുറത്ത് മറ്റൊരു സൃഷ്ടിയുടെ പണിപ്പുരയിലാണ് സനം ഫിറോസ്. ശ്രീകൃഷ്‌ണ ഭഗവാൻ്റെ അവതാരോദ്ദേശം തന്നെ ചിത്ര പരമ്പരയിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അവർ. വെണ്ണക്കണ്ണനില്‍ നിന്ന് തുടങ്ങി തോഴിമാരിലൂടെ വളർന്ന് ഗീതോപദേശത്തിൽ എത്തിനിൽക്കുന്ന പല ഘട്ടങ്ങളാണ് മ്യൂറൽ ചിത്രകലയായി പുറത്തുവരാനിരിക്കുന്നത്. കൃഷ്‌ണ അവതാരത്തിൽ ആകൃഷ്‌ടയായ സനം പല ഭാവങ്ങൾക്കും ജീവൻ നൽകുന്നത് തൻ്റെ മനസിന് ഇണങ്ങുന്ന ചിന്തയിൽ നിന്നാണ്.

മ്യൂറൽ ഇന്ത്യ.ഇൻ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് സനം തൻ്റെ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നത്. വീട്ടിൽ ഒരു സംരംഭമായി തുടങ്ങിയ ചിത്രകല ഇപ്പോൾ വീടിന് തൊട്ടടുത്ത ഒരു സ്റ്റോറിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ആർട്ടിസാൻ ഐഡി കാർഡ് ഹോൾഡറായ സനം ഇന്ത്യയിലുടനീളം നടക്കുന്ന എക്‌സിബിഷനുകളിലും പങ്കെടുക്കാറുണ്ട്. ഇതുവഴിയാണ് കൂടുതൽ പെയിൻ്റിങ്ങുകളും വിറ്റുപോകുന്നത്.

ചെറിയ ക്യാന്‍വാസിലും ചിത്രങ്ങള്‍ : ചിത്രങ്ങൾ എല്ലാവർക്കും ഇഷ്‌ടപ്പെടുന്നുണ്ടെങ്കിലും വലിയ വില കൊടുത്ത് പലർക്കും അത് വാങ്ങാൻ പറ്റാത്ത അവസ്ഥ മനസിലാക്കിയതോടെ സനം, ചെറിയ പ്രതലങ്ങളിലും രചന ആരംഭിച്ചു. അത് കീ ചെയിനിലുംലോക്കറ്റിലുമൊക്കെ പരീക്ഷിച്ചു. ആവശ്യക്കാരുടെ മനസറിഞ്ഞ് ചിത്രങ്ങൾ തീർക്കുന്നതിലുമാണ് അവര്‍ ആനന്ദം കണ്ടെത്തുന്നത്.

മ്യൂറൽ ഇന്ത്യയുടെ ക്ലാസുകളും സനം സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമായിട്ടാണ് പരിശീലനം. ആഴ്‌ചയിൽ ഒരു ദിവസം വച്ച് ആറുമാസത്തെ കോഴ്‌സും പെട്ടെന്ന് പഠിക്കേണ്ടവർക്കായി ഒരാഴ്‌ചത്തെ ക്ലാസുമാണ് നടത്തുന്നത്. ഇതിലൂടെ തൻ്റെ പിൻഗാമികളായ സ്ത്രീകൾക്കും വഴി കാട്ടുകയാണ് സനം ഫിറോസ്.

ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്ന മകൾ സനൂഫർ ഖാനും അമ്മയുടെ കഴിവ് പകർന്ന് കിട്ടിയിട്ടുണ്ട്. ഒഴിവ് സമയങ്ങളിലെല്ലാം രചനയിൽ മുഴുകും. എഞ്ചിനീയറിങ് വിദ്യാർഥിയായ മകൻ ഫർദീൻ ഖാനും പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഫിറോസ് ഖാനും സനത്തിന് കൂട്ടായി എപ്പോഴും കൂടെയുണ്ട്. രചനകൾ ഓരോന്നായി മറ്റ് കൈകളിലേക്ക് എത്തിപ്പെടുമ്പോഴും ആദ്യ ചിത്രം മുതലുള്ള ഓർമകൾ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ വീട്ടമ്മ.

ABOUT THE AUTHOR

...view details