കോഴിക്കോട് :മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ്, മുണ്ടുകൊണ്ട് മുഖം മൂടി പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂർ സ്വദേശി അനൂപ് എന്നീ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ച (നവംബർ 17) ആയിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ 'സിനിമാസ്റ്റൈല്‍' മോഷണം അരങ്ങേറിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ പെട്രോള്‍ അടിക്കാനെന്ന വ്യാജേന പമ്പിലെത്തിയ മൂന്ന് പേര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. മാരുതി ആൾട്ടോ കാറിൽ എത്തിയ നാലംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് മോഷണം നടത്തിയത്.
സംഘം ആദ്യം പമ്പിൽ നിന്ന് 2010 രൂപയ്‌ക്ക് പെട്രോൾ അടിച്ചു. ശേഷം മൂന്ന് പേർ കാറിൽ നിന്നും പുറത്തിറങ്ങി ഒരാൾ ടോയ്‌ലറ്റിലേക്ക് പോവുകയും കാർ അരികിലേക്ക് മാറ്റി ഇടുകയും ചെയ്‌തു. ടോയ്‌ലറ്റിൽ പോയ ആൾ വന്നാൽ പെട്രോളിന്‍റെ പണം ഗൂഗിൾ പേ ചെയ്‌ത് തരാമെന്നാണ് പമ്പ് ജീവനക്കാരോട് ഇവർ പറഞ്ഞിരുന്നത്. പിന്നാലെ ടോയ്‌ലറ്റിൽ പോയ ആൾ തിരിച്ചെത്തി പമ്പ് ജീവനക്കാരനായ സുരേഷ് ബാബുവിന്‍റെ കണ്ണിൽ മുളക് പൊടി എറിയുകയും ഉടുമുണ്ട് ഊരി തലയിലൂടെയിട്ട് കൈയ്യിലുണ്ടായിരുന്ന 3200 രൂപ കൈക്കലാക്കുകയും ആയിരുന്നു.
സംഭവസമയത്ത് രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു പമ്പില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കവർച്ച നടത്തിയ ശേഷം സംഘം പമ്പിൽ നിന്നും ഓടിരക്ഷപ്പെടുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. പിന്നാലെ പമ്പ് ഉടമ പൊലീസിൽ പരാതി നൽകി.