സന്തോഷം പങ്കുവച്ച് മൃദുല വാര്യര്‍ കോഴിക്കോട്:കേരള സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന് സമർപ്പിക്കുന്നുവെന്ന് മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട മൃദുല വാര്യര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പാടാൻ ബുദ്ധിമുട്ടുള്ള ഗാനമായിരുന്നു 'പത്തൊൻപതാം നൂറ്റാണ്ടി'ലെ 'മയിൽപ്പീലി ഇളകുന്നു കണ്ണാ' എന്നത്. പാടാൻ പറ്റാതെ പിന്മാറിയ തനിക്ക് ധൈര്യം തന്നത് എം ജയചന്ദ്രനാണെന്ന് മൃദുല പറഞ്ഞു. എല്ലാവിധ പിന്തുണയും നൽകുന്ന കുടുംബത്തോടൊന്നങ്കം കടപ്പെട്ടിരിക്കുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ ഇത്രവരെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും മൃദുല പ്രതികരിച്ചു.
'വീട്ടുകാർക്ക് സന്തോഷം കൊണ്ട് വാക്കുകളില്ലായിരുന്നു പറയാൻ. ഇവിടെ വരെ എത്തിയത് വലിയ ഭാഗ്യമാണ്, ലോട്ടറിയാണ്. സമ്മാനം കിട്ടുന്നതിൽ മാത്രമല്ല കാര്യം എന്ന വീട്ടുകാരുടെ ഉപദേശം ഉൾക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ബിടെക്കാണ് പഠിച്ചത്, അതിനൊപ്പം സംഗീതം ഒരു ഭാഗമായി കൊണ്ടുപോയതായിരുന്നു. എന്നാൽ റിയാൽറ്റി ഷോയിൽ പങ്കെടുത്തതോടെ ജീവിതം മാറി മറഞ്ഞു. ഒപ്പം മലയാളികൾ അറിയപ്പെടുന്ന ഒരു ഗായികയായി മാറാൻ സാധിച്ചു.
ദൈവത്തിനും ശ്രോതാക്കൾക്കും നന്ദി പറയുന്നു. സ്റ്റാർ സിംഗറിൽ രണ്ടാം സ്ഥാനത്തായതിൽ ഒരു ദുഃഖമുണ്ടായിട്ടില്ല. ആ വേദിയാണ് ഈ നിലയിൽ വരെ എത്തിച്ചത്. ഒത്തിരി നല്ല പാട്ടുകൾ ഇനിയും പുറത്തിറങ്ങാനുണ്ട്. വിദ്യാസാഗറിൻ്റെ സംഗീത സംവിധാനത്തിലും പാടാൻ സാധിച്ചു. ഇപ്പോൾ സ്വപ്‌നങ്ങൾ ഒരുപാടുണ്ട്, അതിൽ ഓരോന്നിലും വിജയം നേടാനുള്ള പരിശ്രമം തുടരുകയാണ്' -മൃദുല വാര്യർ പറഞ്ഞു.
ഇന്ന് (ജൂലൈ 21) വൈകിട്ട് 3 മണിയോടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരത്തിന് വിന്‍സി അലോഷ്യസാണ് അര്‍ഹയായത്. രേഖയാണ് വിന്‍സിക്ക് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത നന്‍ പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിന്‍റെ സംവിധാനത്തിന് മഹേഷ് നാരായണൻ മികച്ച സംവിധായകനായി. നടന്‍ (സ്പെഷ്യൽ ജൂറി) - കുഞ്ചാക്കോ ബോബൻ, അലൻസിയർ (ന്നാ താൻ കേസ് കൊട്, അപ്പൻ), സ്വഭാവ നടി - ദേവി വർമ (സൗദി വെള്ളക്ക), സ്വഭാവനടന്‍ - പി പി കുഞ്ഞിക്കൃഷ്‌ണൻ (ന്നാ താൻ കേസ് കൊട്), സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് (ഇരവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും), രണ്ടാമത്തെ ചിത്രം - അടിത്തട്ട്, തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - രാജേഷ് കുമാർ (തെക്കൻ തല്ലുകേസ്), തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്‌ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്), ക്യാമറ - മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്), കഥ - കമൽ കെ എം (പട), സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ), കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90സ് കിഡ്, ബാലതാരം (പെൺ) - തന്മയ (വഴക്ക്), ബാലതാരം (ആൺ) - മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്), നവാഗത സംവിധായകന്‍ - ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ), ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്, നൃത്ത സംവിധാനം - ഷോബി പോൾരാജ് (തല്ലുമാല), വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്‌ണൻ (സൗദി വെള്ളക്ക), മേക്കപ്പ് ആര്‍ട്ടിസ്റ്റ് - റോണക്‌സ് സേവ്യർ (ഭീഷ്‌മപർവ്വം) എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.