കോഴിക്കോട്: കഴിഞ്ഞ 23 വർഷമായി സ്വന്തം മകളെ തൊട്ടിലാട്ടി ഇരിപ്പാണ് ഒരമ്മ. ചാലപ്പുറം സ്വദേശി കസ്‌തൂരി ഭായിയാണ് മകൾ പവിത്രയ്ക്ക് കൂട്ടിരിക്കുന്നത്. ജനിച്ച് ഒമ്പതാം മാസത്തിലുണ്ടായ ഒരു വീഴ്‌ചയാണ് പവിത്രയെ തളർത്തിയത്.
തലച്ചോറിനേറ്റ ക്ഷതത്തിന് എത്ര ചികിത്സിച്ചിട്ടും പ്രതിവിധി കാണാനായില്ല. അമ്മയുടെ തണലിൽ പവിത്ര 24 വയസിലേക്ക് കടക്കുകയാണ്. അച്ഛൻ്റെ സഹോദരിയുടെ മകനുമായാണ് കസ്‌തൂരിയുടെ വിവാഹം നടന്നത്. ചലച്ചിത്ര നിർമാണ മേഖലയിൽ സഹായിയായിരുന്നു ഭർത്താവ്. രണ്ട് പെൺകുട്ടികൾക്ക് പിന്നാലെ ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് പവിത്ര ജനിക്കുന്നത്.
ഇതിന് പിന്നാലെ കസ്‌തൂരിയേയും കുട്ടികളെയും ഭർത്താവ് ഉപേക്ഷിച്ചു. ജീവിതം വഴിമുട്ടിയ ഈ അമ്മയേയും മക്കളെയും സഹോദരങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ച് കൊണ്ടുവന്നു. വാടക വീടുകളിൽ മാറി മാറി ഇവർ താമസിച്ചുപോന്നു. രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്‌തയച്ചു.
അതിനിടയിൽ കൂട്ടുണ്ടായിരുന്ന അഞ്ച് സഹോദരങ്ങളിൽ നാല് പേരും മരണപ്പെടുകയും ചെയ്‌തു. ബാക്കിയുള്ള ഒരേ ഒരു സഹോദരൻ ശെൽവരാജിൻ്റെ വാടക വീട്ടിലാണ് ഈ അമ്മ മകളെയും തൊട്ടിലാട്ടി കഴിയുന്നത്. ഒരു വരുമാന മാർഗമില്ലാത്തെ ഈ മനുഷ്യർ ആരുടെയൊക്കെയോ സഹായം കൊണ്ട് ജീവിതം തള്ളി നീക്കുകയാണ്.
ലക്ഷങ്ങളാണ് മകളുടെ ചികിത്സക്കായി ചെലവഴിച്ചത്. മകൾക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന 1,600 രൂപ ഒരാഴ്‌ചത്തെ മരുന്നിന് പോലും തികയില്ല. ഭർത്താവ് മരിച്ചു എന്നതിൻ്റെ തെളിവൊന്നും ഇല്ലാത്തതിനാൽ വിധവ പെൻഷനും അപേക്ഷിച്ചിട്ടില്ല. ഒരു മുറി വീടിനായി കോർപ്പറേഷനിൽ അപേക്ഷ നൽകിയിട്ട് വർഷങ്ങളേറെയായിട്ടും ഇതുവരെയും ഒരനക്കവുമില്ല.