തിരുവനന്തപുരം: വീട്ടിലേയ്‌ക്കും വീട്ടുകാർക്കും വേണ്ടി മാറ്റിവയ്‌ക്കാൻ മക്കൾ സമയത്തിന്‍റെ ഭിക്ഷക്കണക്ക് പറയുന്ന കാലത്ത് സൈക്കിളില്‍ കറങ്ങി കേരളം കണ്ടിരിക്കുകയാണ് കോഴിക്കോട്ടുകാരായ ആകാശ് കൃഷ്‌ണയും അമ്മ റീജയും. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടതായിരുന്നു ഇവരുടെ യാത്ര. 31 ദിവസമെടുത്താണ് യാത്ര പൂർത്തിയാക്കിയത്.
സൈക്കിളില്‍ കേരളം കണ്ട് ഒരു അമ്മയും മകനും, മുന്നോട്ട് വയ്‌ക്കുന്നത് രക്ഷിതാക്കളെ സ്‌നേഹിക്കൂവെന്ന സന്ദേശം യാത്രയിൽ കണ്ടറിഞ്ഞ വള്ളം കളിയുടെ ആവേശവും തൊട്ടറിഞ്ഞ മലയാളികളുടെ സ്‌നേഹവുമെല്ലാം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഈ അമ്മയും മകനും പറയുന്നു. ആകാശ് സ്വന്തമായി നിർമിച്ച സൈക്കിൾ കാരവനിലാണ് ഇരുവരും യാത്ര ചെയ്‌തത്. റീജയ്‌ക്ക് വേണ്ടി സൈക്കിൾ പ്രത്യേകമായി മറ്റൊരു സീറ്റും പിടിപ്പിച്ചു.
പെഡല്‍ ചവിട്ടിയുള്ള യാത്രയ്‌ക്ക് പുറമെ മോട്ടോർ ഉപയോഗിച്ചും ഈ സൈക്കിളില്‍ യാത്ര ചെയ്യാം. ഇതിനായി പ്രത്യേകം ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠനം പൂർത്തിയാക്കിയ ആകാശ് കേരളം ചുറ്റണം എന്ന ആഗ്രഹത്തിൽ ഒരു വർഷം മുൻപാണ് 60,000 രൂപ ചെലവിൽ സൈക്കിൾ കാരവൻ നിർമിച്ചത്. രണ്ട് പേര്‍ക്ക് കിടക്കാന്‍ കഴിയുന്ന ഈ കാരവനില്‍ ഫ്രിഡ്‌ജ്, വാട്ടര്‍ കൂളര്‍, ടിവി, ഫാന്‍, ചെറിയ വാട്ടര്‍ ടാങ്ക് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
സോളാര്‍ പാനലില്‍ നിന്നാണ് ഇതിനായുള്ള ബാറ്ററി ചാർജ് ചെയ്യുന്നത്. 'മാതാപിതാക്കളെ സ്‌നേഹിക്കൂ ജീവിതം മനോഹരമാകട്ടെ' എന്ന സന്ദേശവുമായാണ് ഇവരുടെ യാത്ര. ആലപ്പുഴയെത്തിയപ്പോഴുണ്ടായ ചെറിയ പരിക്ക് മാത്രമാണ് യാത്രയില്‍ ഇവരെ അലട്ടിയത്. കന്യാകുമാരി വരെ പോകണമെന്നുണ്ടായിരുന്നെങ്കിലും ആ ആഗ്രഹവും ഉടനെ നിറവേറ്റുമെന്നാണ് ഇരുവരും പറയുന്നത്.