കോഴിക്കോട് :മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്‌മാനാണ് പരിക്ക്. ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റിലിരുന്ന റിയൽമി - 8 ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെ ഓഫിസിൽ എത്തിയപ്പോഴായിരുന്നു അപകടം. തീപടർന്ന് വസ്ത്രങ്ങൾ കത്തിയതോടെ കാലിന്‍റെ തുടതൊട്ട് താഴെ വരെ സാരമായി പൊള്ളലേറ്റു. പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനാൽ അപകടത്തിന്‍റെ വ്യാപ്‌തി കുറഞ്ഞു.
രണ്ടുവർഷം മുന്‍പാണ് ഈ ഫോണ്‍ വാങ്ങിയത്. പരിക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോണിനോ ബാറ്ററിക്കോ തകരാറുകൾ ഇല്ലായിരുന്നുവെന്ന് ഫാരിസ് പൊലീസിന് മൊഴി നൽകി.
ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം :അടുത്തിടെ ഛത്തീസ്‌ഗഡിലെ കവർധയിൽ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ചിരുന്നു. ഏപ്രില്‍ രണ്ടിന് കവർധ ജില്ലയിലെ രെംഗഖർ പ്രദേശത്തിന് സമീപത്തെ ചമാരി ഗ്രാമത്തിലാണ് അപകടം നടക്കുന്നത്. ഹേമേന്ദ്ര മെരാവി എന്ന നവവരനും ഇദ്ദേഹത്തിന്‍റെ ബന്ധുവുമാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Also Read: Video | മൊബൈല്‍ കവര്‍ന്ന് മരത്തില്‍ കയറി കുരങ്ങന്‍, റിംഗ് ചെയ്‌തപ്പോള്‍ കോളുമെടുത്തു ; തിരികെ നല്‍കിയത് ഒരു മണിക്കൂറിന് ശേഷം
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഹേമേന്ദ്ര വിവാഹിതനാകുന്നത്. വിവാഹ സമ്മാനമായി ഇയാള്‍ക്ക് ലഭിച്ച ഹോം തിയേറ്ററാണ് പൊട്ടിത്തെറിച്ചത്. സമ്മാനപ്പൊതി തുറന്ന് പ്ലഗിൽ ഘടിപ്പിച്ച ഉടനെ തന്നെ ഹോം തിയേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഹേമേന്ദ്ര സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. 'റെങ്കാഖർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമാരി ഗ്രാമത്തിൽ ഹോം തിയേറ്റര്‍ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചുവെന്നും ആറ് പേർക്ക് ഗുരുതരമായിപരിക്കേറ്റുവെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എഎസ്‌പി) മനീഷ താക്കൂർ റൗട്ടെ വ്യക്തമാക്കി. പരിക്കേറ്റവരെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ലാബിലെ പരീക്ഷണത്തിനിടെ പൊട്ടിത്തെറി:ഇതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ന്യൂഡൽഹിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ലബോറട്ടറിയില്‍ പരീക്ഷണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. രണ്ട് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് അപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ എയിംസ് ട്രോമ സെന്‍ററിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. അതുകൊണ്ടുതന്നെ ഇവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇവരെ വീട്ടിലേക്ക് അയയ്ക്കുകയാണുണ്ടായത്.
Also Read: ചാര്‍ജിങ്ങിനിടെ ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു ; മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിന് ദാരുണാന്ത്യം
ഓർഗാനിക് കെമിസ്ട്രി വിഷയവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണമാണ് ലാബില്‍ നടന്നുകൊണ്ടിരുന്നത്. അധ്യാപകന്‍ പരീക്ഷണം നടത്തി കുട്ടികള്‍ക്ക് വിവരിച്ച് നല്‍കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.